കൊച്ചി.ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ തന്നെ ഒരാൾ അപമാനിക്കുവെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റിട്ട ഹണി റോസിന് പിന്തുണയുമായി താരസംഘടന അമ്മ.അതിനിടയിൽ നടിക്കെതിരായ സൈബർ ആക്രമണത്തിൽ ഒരാൾ അറസ്റ്റിലായി. എറണാകുളം കുമ്പളം സ്വദേശി ഷാജിയെയാണ് സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. പരാതിയിൽ 27 പേർക്കെതിരെ പൊലീസ് കേസെടുത്തു.
തന്നെ സമൂഹമാധ്യമങ്ങൾ വഴി ഒരു വ്യക്തി ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ അപമാനിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് . ഈ പോസ്റ്റിന് അടിയിലാണ് അശ്ലീല കമന്റുകൾ കൊണ്ട് നിറഞ്ഞത് . സ്ത്രീത്വത്തെയും അവരുടെ തൊഴിലിനെയും അപഹസിക്കാൻ ചിലർ ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങളെ അപലപിച്ചുകൊണ്ട് താരസംഘടന അമ്മ രംഗത്തെത്തി . ഹണി റോസിന്റെ നിയമ പോരാട്ടങ്ങൾക്ക് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അമ്മ അഡ്ഹോക് കമ്മിറ്റി വാർത്തക്കുറപ്പിലൂടെ വ്യക്തമാക്കി. സംഭവത്തിൽ 27 പേരുടെ ഫേസ്ബുക്ക് ഐഡി സഹിതം എറണാകുളം സെൻട്രൽ പോലീസിൽ നടി ഇന്നലെ പരാതി നൽകിയിരുന്നു. ഇതിൽ ഒരാളായ കുമ്പളം സ്വദേശി ഷാജി സെൻട്രൽ പോലീസിന്റെ പിടിയിലായി. ശേഷിക്കുന്ന 26 പേരെയും പോലീസ് തിരിച്ചറിഞ്ഞു. ഇവർക്ക് വേണ്ടിയുള്ള തിരച്ചിലും നടക്കുകയാണ്. ഐടി ആക്ടിലെ വിവിധ വകുപ്പുകൾക്ക് പുറമേ ലൈംഗിക അതിക്രമത്തിന് പരിധിയിൽ പെടുന്ന ഒരു വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് .