കണ്ണൂർ. കാക്കയങ്ങാട് പന്നിക്കെണിയിൽ കുടുങ്ങിയ പുലിയെ കൂട്ടിലാക്കി. വയനാട്ടിൽ നിന്നുള്ള പ്രത്യേക സംഘമെത്തി മയക്കുവെടി വെച്ചാണ് പുലിയെ പിടികൂടിയത്. പുലിയെ എവിടെ തുറന്നുവിടുമെന്ന് വ്യക്തമാക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രവർത്തകർ ഡി എഫ് ഒ യുടെ വാഹനം തടഞ്ഞു.
കാക്കയങ്ങാട് – പാല റോഡിലെ പ്രകാശാന്റെ വീട്ടുപറമ്പിൽ കെണിയിൽ കുടുങ്ങിയ നിലയിലായിരുന്നു പുലി.
രാവിലെ റബ്ബർ ടാപ്പിങിന് പോയ പ്രകാശൻ തന്നെയാണ് പുലിയെ ആദ്യമായി കണ്ടത്. എന്നാൽ പന്നിക്കെണി വെച്ചിട്ടില്ലെന്ന് പ്രകാശൻ പറഞ്ഞു
വിവരമറിഞ്ഞ് എത്തിയ വനംവകുപ്പ് സംഘം ആദ്യ ഘട്ടത്തിൽ തന്നെ മയക്കുവെടി വെക്കാൻ തീരുമാനിച്ചു. 12 മണിയോടെ വയനാട്ടിൽ നിന്നുള്ള ആർ ആർ ടി ദൗത്യ സംഘം സ്ഥലത്തെത്തി. വെറ്റനറി സർജൻ ഡോ. അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിലുള്ള സംഘം 12.25 ന് ആദ്യ മയക്കുവെടിവെച്ചു.
ആദ്യ റൗണ്ടിൽ പുലി മയങ്ങാത്തതിനെ തുടർന്ന് അരമണിക്കൂറിന് ശേഷം രണ്ടാം റൗണ്ട് മയക്കുവെടി വെച്ചു. ഇതോടെ മയങ്ങിയ പുലിയെ കൂട്ടിലേക്ക് മാറ്റി.
പുലിയെ സ്ഥലത്ത് നിന്ന് കൊണ്ടുപോകുന്നതിനിടെ കണ്ണൂർ ഡി എഫ് ഒ യുടെ വാഹനം കോൺഗ്രസ്സ് പ്രവർത്തകർ തടഞ്ഞു. പുലിയെ എവിടെ തുറന്നുവിടും എന്ന് അറിയിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ആറളം വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുപോയ പുലിയുടെ ആരോഗ്യ സ്ഥിതി ഉൾപ്പെടെ വിലയിരുത്തിയ ശേഷം എവിടെ തുറന്നുവിടും എന്നതിൽ തീരുമാനമെടുക്കും