കണ്ണൂർ. കണ്ണവം വനത്തിൽ വിറക് ശേഖരിക്കാൻ പോയ ആദിവാസി യുവതിയെ കാണാതായിട്ട് ഒരാഴ്ച്ച പിന്നിട്ടു. കണ്ണവം കോളനിയിലെ എൻ. സിന്ധുവിനെയാണ് കാണാതായത്. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും വനത്തിലും, സമീപ പ്രദേശങ്ങളിലും പരിശോധന തുടരുന്നു
ഡിസംബർ 31നാണ് സിന്ധുവിനെ കാണാതായത്. പതിവ് പോലെ വിറക് ശേഖരിക്കാൻ വനത്തിനുള്ളിലേക്ക് പോയതാണ്. പക്ഷെ സിന്ധു മടങ്ങിയെത്തിയില്ല. ബന്ധുക്കൾ പരാതി നൽകിയിട്ടും ആദ്യഘട്ടത്തിൽ പൊലീസോ വനപാലകരോ തിരച്ചിൽ നടത്താൻ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. പിന്നാലെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചു. തുടർന്ന് പാട്യം പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ നാട്ടുകാരും പൊലീസും വനപാലകരും സംയുക്തമായി യോഗം ചേർന്നു. ഉൾവനങ്ങളിലേക്ക് തിരച്ചിൽ വ്യാപിപ്പിക്കാൻ തീരുമാനിച്ചു. ഡ്രോൺ അടക്കമുള്ളവ ഉപയോഗിച്ച് ആണ് തെരച്ചിൽ. കണ്ണവം നഗർ ,വെങ്ങളം ഭാഗങ്ങളിലെ ജലാശയങ്ങൾ, പാറക്കെട്ടുകൾ തുടങ്ങി സ്ഥലങ്ങളിലും പരിശോധന തുടരുന്നുണ്ട്. വന്യമൃഗങ്ങൾ നിരവധിയുള്ള വനത്തിനുള്ളിൽ തിരച്ചിൽ നടത്തുക ശ്രമകരമായ ദൗത്യമാണ്