തൃശൂര്‍. ചെറുകിട- വ്യാപാര- വ്യവസായ മേഖലയിലെ പ്രതിസന്ധി ഉയർത്തിക്കാട്ടി പ്രക്ഷോഭത്തിനൊരുങ്ങി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി. ജനുവരി 13 മുതൽ വ്യാപാര മേഖലയിലെ തൊഴിൽ സംരക്ഷണത്തിനായി സംസ്ഥാനതല ജാഥ സംഘടിപ്പിക്കും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 13ന് പാർലമെൻ്റ് മാർച്ച് നടത്താനുമാണ് തീരുമാനം.
ഓൺലൈൻ വ്യാപാരവും, പ്രത്യക്ഷ വിദേശ നിക്ഷേപവും, നോട്ട് നിരോധനത്തിന്റെ പ്രതിസന്ധികളും, ജിഎസ്ടിയും ജിഡിപി വളർച്ച നിരക്കിലുണ്ടായ ഇടിവും സാമ്പത്തികമാന്ദ്യവും വ്യാപാര മേഖലയെ തകർച്ചയിലേക്ക് നയിക്കുന്നുവെന്നാണ് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ചൂണ്ടികാട്ടുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം രാജ്യത്ത് 2 ലക്ഷത്തോളം വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടി. കേന്ദ്രസർക്കാർ ഉത്തേജക പാക്കേജ് അടക്കം പ്രഖ്യാപിച്ച് മേഖലയെ സംരക്ഷിക്കണമെന്നതാണ് ഉയരുന്നയാവശ്യം.
വിവിധ ആവശ്യങ്ങൾ ഉയർത്തി വ്യാപാര മേഖലയിലെ പ്രശ്നങ്ങൾ സർക്കാരിൻറെ ശ്രദ്ധയിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് ജനുവരി 13 മുതൽ 25 വരെയുളള സംസ്ഥാന ജാഥ. 13ന് കാസർഗോഡ് നിന്ന് ആരംഭിക്കുന്ന ജാഥ മുൻ എംഎൽഎ വികെസി മമ്മദ് കോയയും 25ന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന സമ്മേളനം തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനും ഉദ്ഘാടനം ചെയ്യും. സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു നയിക്കുന്ന ജാഥയുടെ തുടർച്ചയായി ഫെബ്രുവരി 13ന് പാർലമെൻറ് മാർച്ച് നടത്തും.