ഹണി റോസിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ: മോശം കമന്റ് ഇടുന്നവര്‍ക്കെതിരെ ഉടനടി കേസെടുക്കാൻ തീരുമാനം

Advertisement

കൊച്ചി : സൈബര്‍ ആക്രമണ പരാതിയില്‍ നടി ഹണി റോസിന്റെ മൊഴി എടുത്തു. ഇന്നലെ സെന്‍ട്രല്‍ സ്റ്റേഷനില്‍ നേരിട്ട് എത്തിയാണ് ഹണി റോസ് മൊഴി നല്‍കിയത്. ഹണി റോസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് പൊലീസ് നിരീക്ഷണത്തിലാണ്. മോശം കമന്റ് ഇടുന്നവര്‍ക്കെതിരെ ഉടനടി കേസെടുക്കാനാണ് തീരുമാനം. കൂടുതല്‍ അറസ്റ്റുകളും ഉണ്ടാകും.

നടിയുടെ പരാതിയില്‍ 30 പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട എറണാകുളം കുമ്പളം സ്വദേശിയെ ഇന്നലെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തില്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. സൈബര്‍ പൊലീസിന്റെ സഹായത്തോടെ നടപടികള്‍ ഊര്‍ജ്ജിതമാക്കി. വ്യാജ ഐഡിയാണെങ്കിലും ലൊക്കേഷന്‍ കണ്ടെത്തി പ്രതികളെ പിടികൂടാനാണ് പൊലീസ് തീരുമാനം.
നടിയുടെ പോസ്റ്റിന് താഴെ പുതിയ അധിക്ഷേപ കമന്റ് കണ്ടെത്തിയാല്‍ സ്വമേധയാ കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. നടിക്ക് അമ്മ സംഘടന പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.