സിപിഎം പ്രവർത്തകൻ റിജിത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 9 ബി ജെ പി ആർ എസ് എസ് പ്രവർത്തകർക്ക് ജീവപര്യന്തം

Advertisement

കണ്ണൂർ: കണ്ണപുരം ചുണ്ടയില്‍ സി.പി.എം പ്രവർത്തകൻ റിജിത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഴുവൻ പ്രതികള്‍ക്കും ജീവപര്യന്തം.

തലശ്ശേരി അഡീഷണല്‍ സെഷൻസ് കോടതി-3 ആണ് വിധി പ്രസ്താവിച്ചത്. കേസില്‍ ഒമ്ബത് ബി.ജെ.പി.-ആർ.എസ്.എസ്. പ്രവർത്തകർ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ആകെ 10 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ ഒരാള്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ചുണ്ടയിലും പരിസരത്തുമുള്ള ആർ.എസ്.എസ്.-ബി.ജെ.പി. പ്രവർത്തകരായ ഹൈവേ അനില്‍, പുതിയപുരയില്‍ അജീന്ദ്രൻ, തെക്കേവീട്ടില്‍ ഭാസ്കരൻ, ശ്രീജിത്ത്, ശ്രീകാന്ത്, രാജേഷ്, അജേഷ്, ജയേഷ്, രഞ്ജിത്ത് എന്നിവരാണ് പ്രതികള്‍. മൂന്നാംപ്രതി അജേഷ് സംഭവശേഷം വാഹനാപകടത്തില്‍ മരിച്ചു. കേസുമായി ബന്ധപ്പെട്ട 28 സാക്ഷികളെ കോടതി വിസ്തരിച്ചു. 59 രേഖകളും 50 തൊണ്ടിമുതലും പ്രോസിക്യൂഷൻ കോടതിക്ക് മുന്നില്‍ ഹാജരാക്കി.


2005 ഒക്ടോബർ മൂന്നിന് ആയിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി ഒമ്ബതിന് സുഹൃത്തുക്കളായ നികേഷ്, വിമല്‍, വികാസ്, സജീവൻ എന്നിവർക്കൊപ്പം വീട്ടിലേക്ക് നടന്നുപോകുമ്ബോഴാണ് സംഭവം. ചുണ്ട തച്ചങ്കണ്ടിയാലിനടുത്ത പഞ്ചായത്ത് കിണറിന് സമീപംവെച്ച്‌ പത്തംഗ സംഘം ആക്രമിക്കുകയായിരുന്നു. സമീപത്തെ ക്ഷേത്രത്തില്‍ ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ആക്രമണത്തില്‍ റിജിത്ത് കൊല്ലപ്പെടുകയും മൂന്ന് സി.പി.എം. പ്രവർത്തകർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വടിവാള്‍കൊണ്ട് വിമലിനെ വെട്ടുന്നത് കണ്ടപ്പോള്‍ തടയാൻചെന്നതായിരുന്നു റിജിത്ത്. ഗുരുതരമായി പരിക്കേറ്റ റിജിത്ത് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here