ന്യൂഡെല്‍ഹി. ചൂടേറിയ രാഷ്ട്രീയ പോരാട്ടത്തിന് വേദിയായി രാജ്യതലസ്ഥാനം.ഭരണം നിലനിർത്താൻ ആം ആദ്മി പാർട്ടിയും,ഡബിൾ എൻജിൻ സർക്കാരിനായി ബിജെപിയും കളത്തിൽ ഇറങ്ങിയതോടെ പ്രചരണ ചൂടിൽ ഡൽഹി. നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ കോൺഗ്രസ്സും രംഗത്തിറങ്ങിയതോടെ ത്രികോണ മത്സരത്തിനാണ് ഡൽഹി കളം ഒരുങ്ങുന്നത്
രാഷ്ട്രീയ വിപ്ലവം സൃഷ്ടിച്ച് 2013 ൽ കളം പിടിച്ച ആം ആദ്മി പാർട്ടി ഇക്കുറി നേരിടുന്നത് സമാനങ്ങളില്ലാത്ത വെല്ലുവിളി.മദ്യനയ അഴിമതി ആരോപണം, പാർട്ടിയുടെ മുഖമായ അരവിന്ദ് കെജ്രിവാളിൻ്റെ ജയിൽവാസം,കോടികൾ ചിലവഴിച്ചുള്ള ഔദ്യോഗിക വസതി മോടി പിടിപ്പിക്കൽ,നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ഈ പ്രതിസന്ധിയിൽക്കിടയിൽ ആണ് ആം ആദ്മി പാർട്ടി ജനവിധിക്ക് തയ്യാറെടുക്കുന്നത്.മദ്യ വർഗ്ഗത്തിന്റെ പൾസ് അറിഞ്ഞ് ജനകീയ പദ്ധതികൾ നടപ്പിലാക്കി കൈയടി നേടീയ അരവിന്ദ് കെജ്രിവാൾ , മൂന്നാം തവണയും ഭരണത്തിലേറാനായി നോട്ടമിടുന്നതും ജനകീയ പ്രഖ്യാപനങ്ങളിൽ തന്നെ.കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും രണ്ടക്കം കടക്കാൻ സാധിക്കാത്ത ബിജെപി ഇക്കുറി ഡൽഹി പിടിച്ചെടുക്കാൻ അരയും തലയും മുറുക്കിയാണ് പ്രചാരണം.പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാകും മുഖം. വികസന പ്രവർത്തനങ്ങളാണ് ബിജെപിയുടെ പ്രചരണായുധം.ഡൽഹിയിൽ 12,000 കോടിയുടെ രുപയുടെ വികസന പദ്ധതികൾക്ക് തുടക്കമിട്ട് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൽ രാഷ്ട്രീയ സന്ദേശമുണ്ട്. അതോടൊപ്പം സിഎജി റിപ്പോർട്ടും,അഴിമതി ആരോപണവും ബിജെപിക്ക് പിടിവള്ളിയാണ്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കും,കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിച്ചിട്ടും കാലിടറിയ കോൺഗ്രസിന് രാഷ്ട്രീയ ഭാവി നിർണയിക്കുന്നതാകും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ്.തലയെടുപ്പുള്ള നേതാവിൻറെ അഭാവമാണ് തുടർച്ചയായ 15 വർഷം ഭരണത്തിലിരുന്നിട്ടും ഇപ്പോൾ ചിത്രത്തിലില്ലാത്ത നിലയിലേക്ക് കോൺഗ്രസ് തകരാൻ കാരണം