മകരവിളക്ക് ദർശനം സുഗമമാക്കാൻ കൂടുതൽ നിയന്ത്രണങ്ങളുമായി ദേവസ്വം ബോർഡ്. പമ്പയിലെ സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ ഉടൻ നിലക്കലിലേക്ക് മാറ്റും. തീർത്ഥാടകരുടെ സത്രത്തിൽ നിന്നുള്ള പ്രവേശന സമയവും പുനക്രമീകരിച്ചു. അടുത്ത ചൊവ്വാഴ്ചയാണ് മകരവിളക്ക്.
പമ്പയിൽ പത്ത് സ്പോട്ട് ബുക്കിംഗ് കൗണ്ടറുകളാണ് പ്രവർത്തിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകൾ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാതെ കൂട്ടത്തോടെ എത്താൻ തുടങ്ങിയതോടെ പമ്പയിൽ തിരക്ക് വർധിച്ചു. ഇതോടെയാണ് സ്പോട് ബുക്കിംഗ് കേന്ദ്രങ്ങൾ നിലക്കലിലേക്ക് മാറ്റുന്നത്. നിലയ്ക്കൽ ക്ഷേത്രത്തിന് സമീപം നടക്കുന്ന ക്രമീകരണങ്ങൾ പൂർത്തിയായാൽ കൗണ്ടറുകൾ മാറ്റി സ്ഥാപിക്കും. പിന്നിട് വെർച്വൽ, സ്പോട്ട് ബുക്കിംഗുകൾ നടത്താത്ത ഒരാളെ പോലും നിലക്കലിൽ നിന്നും പമ്പയിലേക്ക് കടത്തി വിടില്ല. വെർച്വർ ക്യൂ 12 ന് 60, 000 , 13 ന് 50,000 , 14 ന് 40,000 എന്നീ തരത്തിൽ ക്രമീകരിച്ചു. സ്പോട് ബുക്കിംഗ് 12 , 13 തീയതികളിൽ 5000 ആയും 14 ന് 1000 ആയും ക്രമീകരിച്ചിട്ടുണ്ട്. ശബരിമല സന്നിധാനത്തേക്കുള്ള തീർത്ഥാടക പ്രവാഹം തുടരുകയാണ്. ഇന്നലെ തൊണ്ണൂറായിരത്തിലധികം പേരാണ് ദർശനം നടത്തിയത്.
(തീർത്ഥാടകരുടെ സുരക്ഷ മുൻ നിർത്തി ഈ കാണുന്ന സത്രം വഴിയുള്ള കാനന യാത്രയുടെ സമയവും പുനക്രമീകരിച്ചു. ഇനി മുതൽ രാവിലെ 7 മുതൽ 12 വരെയാകും സത്രത്തിൽ നിന്നുള്ള പ്രവേശന സമയം. സുഗമമായ ദർശനത്തിനായി കൂടുതൽ നിയന്ത്രണങ്ങൾ വരും ദിവസങ്ങളിൽ നിലവിൽ വരും. )