കൽപ്പറ്റ: വയനാട്ടിൽ ആത്മഹത്യ ചെയ്ത കെപിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബത്തെ അനുനയിപ്പിച്ച് കെപിസിസി. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം കുടുംബാംഗങ്ങളെ കണ്ടു. കുടുംബത്തിന്റെ എല്ലാ പ്രശ്നവും പരിഹരിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രയാസങ്ങളെല്ലാം മാറിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കുടുംബാംഗങ്ങളും പ്രതികരിച്ചു.
അന്വേഷണം നടക്കട്ടെയെന്നാണ് കുടുംബം പ്രതികരിച്ചത്. തുടക്കത്തിൽ പാർട്ടി നന്നായി ഇടപെട്ടിരുന്നെങ്കിൽ ഇത്രത്തോളം വഷളാകില്ലായിരുന്നു. അച്ഛൻ വിശ്വസിച്ച പാർട്ടിയുടെ ഉറപ്പിൽ വിശ്വസിക്കുന്നു. കടബാധ്യത പാർട്ടിയുടേത് എന്ന് നേതാക്കന്മാർ അംഗീകരിച്ചുവെന്നും കുടുംബം പറയുന്നു. അതേസമയം കേസന്വേഷണം അതിൻ്റെ വഴിക്ക് പോകട്ടെയെന്നാണ് നിലപാട്.
കുടുംബത്തെ ഒപ്പം നിർത്തിയാണ് പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് കോൺഗ്രസ് നേതാക്കന്മാർ പ്രഖ്യാപിച്ചത്. കുടുംബത്തെ ആശ്വസിപ്പിക്കുകയാണ് തങ്ങളുടെ പ്രധാന പരിഗണനയെന്നും കുടുംബത്തിന് വേണ്ടതെല്ലാം ചെയ്യുമെന്നും തിരുവഞ്ചൂർ പറഞ്ഞു. വിഷയത്തിൽ പരസ്യ പ്രസ്താവന ഉണ്ടാകരുതെന്ന് നേതാക്കന്മാർക്ക് കർശന നിർദ്ദേശം നൽകി. രാഷ്ട്രീയ മുതലെടുപ്പിന് അവസരമാക്കി വിഷയത്തെ മാറ്റാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ സുധാകരനും വി ഡി സതീശനും കുടുംബത്തെ നേരിൽ കാണുമെന്നാണ് കോൺഗ്രസ് നേതാക്കളിൽ നിന്ന് ലഭിക്കുന്ന വിവരം. അടുത്ത തവണ വയനാട്ടിൽ എത്തുമ്പോൾ പ്രിയങ്ക ഗാന്ധിയും കുടുംബത്തെ കണ്ടേക്കും. പ്രിയങ്ക ഗാന്ധിയുടെ മണ്ഡലത്തിലുണ്ടായ വിവാദം എന്നതും കോൺഗ്രസ് നേതൃത്വത്തിൻ്റെ അടിയന്തര ഇടപെടലിന് കാരണമായിരുന്നു.
ഇതോടെ തങ്ങൾ നൽകിയ പരാതിയിൽ നിന്ന് വിജയൻ്റെ കുടുംബം പിന്മാറിയേക്കും. അങ്ങനെ വരുമ്പോൾ വയനാട്ടിലെ കോൺഗ്രസ് നേതാക്കളായ എൻഡി അപ്പച്ചനും ഐസി ബാലകൃഷ്ണനുമെതിരായ അന്വേഷണത്തിന് തടയിടാനും കോൺഗ്രസിന് സാധിക്കും. വിഷയം വലിയ തോതിൽ ചർച്ചയാക്കിയ സിപിഎമ്മിനും കുടുംബവും കോൺഗ്രസും അനുനയത്തിലേക്ക് നീങ്ങുന്നത് തിരിച്ചടിയാണ്.