കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുള്ള മരുന്ന് വിതരണം ഇന്ന് മുതൽ നിലയ്ക്കും. കുടിശ്ശിക തന്ന് തീർക്കാതെ മരുന്ന് വിതരണം ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് വിതരണക്കാർ. മരുന്ന് വിതരണം ചെയ്ത വകയിൽ 9 മാസത്തെ കുടിശ്ശികയായി 90 കോടിയോളം രൂപയാണ് വിതരണക്കാർക്ക് ലഭിക്കാനുള്ളത്. പ്രശ്‌നം പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് സൂപ്രണ്ടിനും ആരോഗ്യ മന്ത്രിക്കും ഉൾപ്പെടെ വിതരണക്കാർ കത്ത് നൽകിയിരുന്നു. തീരുമാനമാകാത്ത സാഹചര്യത്തിലാണ് ഇന്ന് മുതൽ മരുന്ന് വിതരണം നിർത്തുന്നത്. ഇതോടെ, ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായേക്കും.