എം എൽ എ ഐ സി ബാലകൃഷ്ണന്റേയും കോൺഗ്രസ്  ഡിസിസി അധ്യക്ഷൻ എൻ ഡി അപ്പച്ചന്റേയും അറസ്റ്റ് തടഞ്ഞു കോടതി

Advertisement

വയനാട്. ഡി സി സി ട്രഷറർ എൻ എം വിജയൻറെ ആത്മഹത്യയിൽ എം എൽ എ ഐ സി ബാലകൃഷ്ണന്റേയും കോൺഗ്രസ്  ഡിസിസി അധ്യക്ഷൻ എൻ ഡി അപ്പച്ചന്റേയും അറസ്റ്റ് തടഞ്ഞു കോടതി. 

ഈ മാസം പതിനഞ്ചുവരെ അറസ്റ്റ് പാടില്ലെന്ന് കൽപ്പറ്റ പ്രിൻസിപ്പൽ സെഷൻസ് കോടതി വാക്കാൽ നിർദേശം. അതേസമയം വിവാദങ്ങൾക്കിടെ സുൽത്താൻബത്തേരി അർബൻ ബാങ്കിൽ നിയമനം നൽകണമെന്ന്  ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്‍റ് ആയിരിക്കെ ഐസി ബാലകൃഷ്ണന്‍ നൽകിയ ശുപാർശകത്ത് പുറത്ത് വന്നു. സ്വീപ്പര്‍ തസ്തികയിലേക്കുള്ള നിയമനത്തിനായിരുന്നു കത്ത്



എൻഎം വിജയന്റെയും മകന്റെയും ആത്മഹത്യയിൽ സുൽത്താൻ ബത്തേരി എംഎൽഎ  ഐസി ബാലകൃഷ്‌ണൻ, ഡിസിസി അധ്യക്ഷൻ എൻ ഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ എന്നിവരെ പ്രതിയാക്കിയാക്കി കഴിഞ്ഞ ദിവസമാണ് കേസെടുത്തത് . ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയത്തോടെ അറസ്റ്റിനുള്ള സാധ്യത കണക്കിലെടുത്താണ് പ്രതികൾ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യാപേക്ഷ പരിഗണിച്ച കൽപ്പറ്റ പ്രിൻസിപ്പൽ സെഷൻസ് കോടതി പതിനഞ്ചാം തീയതി വരെ അറസ്റ്റ് പാടില്ലെന്ന് പൊലീസിന് വാക്കാൽ നിർദേശം നൽകി.  ഐസി ബാലകൃഷണന്റെയും എൻഡി അപ്പച്ചന്റെയും ഫോൺ സ്വിച്ച്ഡ് ഓഫ് ആണ്. ഇതോടെ ഇവർ ഒളിവിൽ പോയതായുള്ള അഭ്യൂഹം  ശക്തമായി. എന്നാൽ ഐ സി ബാലകൃഷ്‌ണന്റെ അഭിഭാഷകൻ ഇത് നിഷേധിച്ചു.



2021ല്‍ ഐസി ബാലകൃഷ്ണന്‍ ഡിസിസി അധ്യക്ഷനായിരിക്കെ ബത്തേരി അര്‍ബന്‍ബാങ്കിലേക്ക് സ്വീപ്പര്‍ തസ്തികയില്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍റെ മകള്‍ക്ക് പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ശുപാര്‍ശക്കത്ത് പുറത്തുവന്നു. നെന്മേനിക്കുന്ന് സ്വദേശിക്കാണ് പ്രവേശനം നല്‍കാന്‍ശുപാര്‍ശ നല്‍കിയത്. 20ലധികം ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്ത അഭിമുഖത്തില്‍ നിയമനം നല്‍കിയത് ശുപാര്‍ശ നല്‍കിയ ആള്‍ക്കായിരുന്നു. ഈ നിയമനത്തോടെയാണ് എന്‍എം വിജയന്‍റെ മകന്‍ ജിജേഷിന് അര്‍ബന്‍ ബാങ്കിലുണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടതെന്നാണ് സിപിഐഎം ആരോപണം. ഇതിന് പിന്നില്‍ കോഴയിടപാടാണെന്ന് ആരോപിച്ച് സിപിഐഎം ജില്ലാ കമ്മിറ്റിയംഗം സുരേഷ് താളൂര്‍ പൊലീസില്‍ പരാതി നല്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here