കോഴിക്കോട്: ദുരൂഹസാഹചര്യത്തില്‍ കാണാതായ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്റെ (മാമി) ഡ്രൈവര്‍ രജിത്ത് കുമാറിനെയും ഭാര്യയേയും കണ്ടെത്തി. എലത്തൂര്‍ സ്വദേശി രജിത്ത് കുമാര്‍, ഭാര്യ തുഷാര എന്നിവരെ ഗുരുവായൂരില്‍ നിന്നാണ് കണ്ടെത്തിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ടുപേരെയും കോഴിക്കോട്ടേക്ക് കൊണ്ടുപോയി. ഇവരെ കോഴിക്കോട് കോടതിയില്‍ ഹാജരാക്കും.
മാമി തിരോധാനവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് മാമിയുടെ ഡ്രൈവറായിരുന്ന രജിത്ത് കുമാറിനെയും ഭാര്യയെയും ചോദ്യം ചെയ്തിരുന്നു. ഫോണ്‍ പൊലീസ് പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. കഴിഞ്ഞദിവസമാണ് രജിത്തിനെയും ഭാര്യയെയും കാണാനില്ലെന്ന് പറഞ്ഞ് ഭാര്യസഹോദരന്‍ നടക്കാവ് പൊലീസില്‍ പരാതി നല്‍കിയത്. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജില്‍ ഇവര്‍ മുറിയെടുത്ത് താമസിച്ചിരുന്നെന്നും, പിന്നീട് ഇവരെക്കുറിച്ച് ഒരു വിവരവും ഇല്ലെന്നാണ് പരാതിയില്‍ സൂചിപ്പിച്ചിരുന്നത്.
കോഴിക്കോട് നിന്നും ദമ്പതികള്‍ ഓട്ടോറിക്ഷയില്‍ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഓട്ടോയില്‍ പോയത് റെയില്‍വേ സ്റ്റേഷനിലേക്കാണെന്നും, അവിടെ നിന്നും അവര്‍ തെക്കോട്ടുള്ള ട്രെയിനില്‍ കയറിയതായും പൊലീസ് കണ്ടെത്തി. ഇതേത്തുടര്‍ന്ന് ഇവരുടെ ചിത്രം സഹിതമുള്ള പോസ്റ്റര്‍ പൊലീസ് പുറത്തിറക്കി. ഇതാണ് വഴിത്തിരിവായത്. ദമ്പതികള്‍ ഗുരുവായൂരിലെ ഒരു ലോഡ്ജിലുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു.
പൊലീസെത്തി ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അടുത്തിടെ രജിത്ത് കുമാര്‍ മാമി ആക്ഷന്‍ കൗണ്‍സിലിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഒരു വോയ്‌സ് സന്ദേശം പോസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തില്‍ നടക്കാവ് പൊലീസിന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായി. തങ്ങളെ കുടുക്കുവാന്‍ ശ്രമം നടക്കുകയാണെന്നായിരുന്നു ആരോപണം. 20 വര്‍ഷത്തിലേറെയായി രജിത് കുമാര്‍ മാമിയുടെ ഡ്രൈവറായിരുന്നു. 2023 ഓഗസ്റ്റ് 21 നാണ് മുഹമ്മദ് ആട്ടൂര്‍ എന്ന മാമിയെ കാണാതാകുന്നത്.