രക്തസാക്ഷിത്വത്തെ അവഹേളിക്കരുത്,അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ എതിർപ്പുമായി കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ മനാഫിന്റെ കുടുംബം

Advertisement

മലപ്പുറം.പിവി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ എതിർപ്പുമായി കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ മനാഫിന്റെ കുടുംബം. മനാഫിന്റെ രക്തസാക്ഷിത്വത്തെ അവഹേളിക്കരുതെന്ന് ചൂണ്ടികാട്ടി സാദിഖലി ശിഹാബ് തങ്ങൾക്ക് കുടുംബം കത്ത് നൽകി. ഈ കേസിൽ പ്രതിചേർക്കപ്പെട്ട പിവി അൻവറിനെ പിന്നീട് വിചാരണ കോടതി വെറുതെ വിടുകയായിരുന്നു. 30 വർഷങ്ങൾക്കിപ്പുറവും കേസിൽ നിയമ പോരാട്ടം തുടരുകയാണ്.

യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന പള്ളിപ്പറമ്പൻ മനാഫിൻ്റെ കൊലപാതകം ,പ്രവർത്തകരെ സംബന്ധിച്ച് വൈകാരികമായ കാര്യമാണ്. 1995 ഏപ്രിൽ 13 ന് പട്ടാപകലാണ് ഒരു സംഘം , ഓട്ടോ ഡ്രൈവർ ആയിരുന്ന മനാഫിനെ ഒതായിയിൽ വച്ച് കൊലപ്പെടുത്തിയത്. കേസിൽ പി വി അൻവർ പ്രതിചേർക്കപ്പെട്ടെങ്കിലും വിചാരണ കോടതി വെറുതെവിട്ടു. പിവി അൻവറിന്റെ യുഡിഎഫ് പ്രവേശന ചർച്ച സജീവമായി നിൽക്കുന്നതിനിടയിലാണ് കുടുംബം ഇന്ന് പാണക്കാട് എത്തിയത്. അൻവറിനെ ലീഗിലോ യുഡിഎഫിലെ എടുത്ത് മനാഫിന്റെ ഓർമ്മകളെ അവഹേളിക്കരുതെന്ന് സാദിഖലി ശിഹാബ് തങ്ങളോട് അഭ്യർത്ഥിച്ചു.

കേസിൽ ഇപ്പോഴും കുടുംബം നിയമ പോരാട്ടം തുടരുകയാണ്. ആരും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. കേസിന്റെ വിചാരണയ്ക്ക് സ്പെഷ്യൽ പ്രോസിക്യൂട്ടറെ അനുവദിക്കണമെന്ന അപേക്ഷ പോലും അൻവറിൻറെ സ്വാധീനത്തിൽ സർക്കാർ തള്ളിയെന്നും കുടുംബം ആരോപിക്കുന്നു. ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച കേസിൽ റിമാൻഡിൽ ആയിരുന്ന അൻവർ ജാമ്യത്തിൽ ഇറങ്ങിയശേഷം പാണക്കാട് എത്തി ലീഗ് നേതാക്കളെ കണ്ടിരുന്നു. ലീഗിൻറെ സ്വീകാര്യതയിൽ യുഡിഎഫിലേക്ക് എത്തിച്ചേരാനുള്ള അൻവറിൻറെ നീക്കങ്ങൾക്ക് തിരിച്ചടിയാണ് മനാഫിന്റെ കുടുംബത്തിന്റെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here