തിരുവനന്തപുരം. മടവൂരില്‍ രണ്ടാംക്ളാസ് വിദ്യാര്‍ഥിനി ബസ് കയറി മരിച്ചതിന്‍റെ നടുക്കത്തില്‍ നാട്. സ്കൂൾ ബസ് തലയിലൂടെ കയറി ഇറങ്ങിയാണ് രണ്ടാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്ണേന്ദുവിന് ദാരുണാന്ത്യം ഉണ്ടായത്. ശരണ്യ മണികണ്ഠൻ ദമ്പതികളുടെ ഏഴ് വയസ്സുള്ള മകൾ കൃഷ്ണേന്ദുവാണ് മരിച്ചത്. വീടിനു മുൻപിൽ ബസ് ഇറങ്ങിയ കുട്ടി കേബിൾ കുരുങ്ങി ബസിനടിയിലേക്ക് വീണാണ് അപകടം ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.
മടവൂർ എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ച കൃഷ്ണേന്ദു. വൈകിട്ട് നാലരയോടെ വീടിന് മുമ്പിൽ ആയിരുന്നു അപകടം. ബസ് ഇറങ്ങിയ കൃഷ്ണേന്ദു അടുത്തുള്ള ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ ബസിനടിയിലേക്ക് വീണു. കുട്ടിയുടെ തലയിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി. അതേസമയം വീടിന് സമീപത്തുണ്ടായിരുന്ന കേബിൾ കാലിൽ കുടുങ്ങിയാണ് കുട്ടി വീണതെന്നും ആക്ഷേപമുണ്ട്
ഡ്രൈവറെയും ബസ്സും പള്ളിക്കൽ പോലീസ് കസ്റ്റഡിയിൽ എടുത്തു. അപകടസമയം കൃഷ്ണേന്ദുവിന്റെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അമ്മ സ്വകാര്യ സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയാണ്. അച്ഛൻ കെഎസ്ആർടിസിയിലെ താൽക്കാലിക ഡ്രൈവറും. സഹോദരൻ മടവൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി. മരിച്ച കൃഷ്ണേന്ദുവിന്‍റെ സംസ്കാരം പോസ്റ്റ്മോർട്ടത്തിനുശേഷം നാളെ നടക്കും.