കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ മേജർ അർച്ച് ബിഷപ്പിന്റെ വികാരിയായി മാർ പാംപ്ലാനിയുടെ നിയമനം എറണാകുളം അതിരൂപത അൽമായ മുന്നേറ്റം സ്വാഗതം ചെയ്തു. നിറഞ്ഞ സ്നേഹത്തോടെ പാപ്ലാനിയെ സ്വാഗതം ചെയ്യുന്നുവെന്ന് അല്മായ മുന്നേറ്റം പ്രസ്താവനയിലൂടെ അറിയിച്ചു. ഈ പുതിയ പ്രത്യാശയുടെ വർഷത്തിൽ മാർ ജോസഫ് പാംപ്ലാനി എറണാകുളം അതിരൂപതയിൽ മേജർ ആർച്ച് ബിഷപ്പിന്റെ വികാരിയായി വരുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് വിശ്വാസ സമൂഹം കാത്തിരിക്കുന്നതെന്ന് അൽമായ മുന്നേറ്റം വ്യക്തമാക്കി.
കാരണം എറണാകുളം അതിരൂപത വൈദീകരും വിശ്വാസികളും സിനഡുമായി ഉണ്ടാക്കിയ സമവായത്തിന് നേതൃത്വം നൽകിയത് മാർ ജോസഫ് പാംപ്ലാനിയാണ് എന്നുള്ളത് ഏറെ പ്രതീക്ഷ നൽകുന്നതാണ്. ഏറെ കാലമായി കലാപ അന്തരീക്ഷത്തിലൂടെ കടന്നു പോകുന്ന അതിരൂപതയിൽ സമാധാനം സ്ഥാപിക്കാൻ സാധിക്കുന്ന വ്യക്തിയെ തന്നെ സിനഡ് കണ്ടെത്തി എന്നുള്ളത് ഏറെ സന്തോഷം നൽകിന്നതാണെന്ന് അല്മായ മുന്നേറ്റം പ്രസിഡന്റ് ഷൈജു ആന്റണിയും, വക്താവ് റിജു കാഞ്ഞൂക്കാരനും പ്രഖ്യാപിച്ചു. എറണാകുളം അതിരൂപത പ്രശ്നങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുള്ള, ഇവിടെയുള്ള വൈദീകരെയും വിശ്വാസികളെയും വളരെ അടുത്ത് അറിയാവുന്ന മാർ ജോസഫ് പാംപ്ലാനിയെ അല്മായ മുന്നേറ്റത്തിന്റെ മുഴുവൻ പ്രവർത്തകരുടെയും പേരിൽ അഭിനന്ദിക്കുന്നു, സ്വാഗതം ചെയ്യുന്നു.
മാർ ബോസ്കോ കഴിഞ്ഞ സെപ്റ്റംബറിൽ രാജി വച്ചതാണെന്നും, മാർപ്പാപ്പ നവംബർ മാസത്തിൽ രാജി സ്വീകരിച്ചിരുന്നു എന്നും സിനഡ് സർക്കുലറിൽ നിന്ന് മനസിലാക്കുന്നു. ഇത് സത്യം ആണെങ്കിൽ നവംബർ മാസത്തിനു ശേഷം മാർ ബോസ്കോ പുറപ്പെടുവിച്ച കൽപ്പനകളും നിയമനങ്ങളും അസാധു ആണെന്ന് അൽമായ മുന്നേറ്റം അഭിപ്രായപ്പെട്ടു. ഈ നിയമനങ്ങൾ പിൻവലിച്ചു വിശ്വാസകളോട് മാപ്പ് പറയണമെന്ന് അൽമായ മുന്നേറ്റം ആവശ്യപ്പെട്ടു.