അശ്ലീലമായ രീതിയില്‍ പറയുന്നുവെന്ന് തോന്നിയാല്‍ പറഞ്ഞത് തെറ്റായിപ്പോയി എന്ന് പറയാനുള്ള ധൈര്യം നമ്മള്‍ അപ്പോള്‍ അവിടെ വെച്ച് തന്നെ കാണിക്കണം,സുചിത്ര നായര്‍

Advertisement

കൊച്ചി: ആരുടെയെങ്കിലും ഭാഗത്ത് നിന്ന് മോശം അനുഭവം നേരിട്ടാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കണം എന്ന് നടിയും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായിരുന്ന സുചിത്ര നായര്‍. ആ സംഭവത്തില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് പ്രതികരിക്കുന്നത് മോശമാണ് എന്നും അവര്‍ അഭിപ്രായപ്പെട്ടു. ഹണി റോസ് – ബോബി ചെമ്മണ്ണൂര്‍ വിവാദം കത്തിനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് സുചിത്ര നായരുടെ പ്രതികരണം.

ഒരു പരിപാടിക്കിടെ പ്രസംഗിക്കുമ്പോഴാണ് സുചിത്ര തന്റെ അഭിപ്രായം പങ്ക് വെക്കുന്നത്. എന്നാല്‍ ഹണി റോസിന്റേയോ ബോബി ചെമ്മണ്ണൂരിന്റേയോ പേരൊന്നും എടുത്ത് പറയാതെയാണ് സുചിത്ര നായരുടെ പരാമര്‍ശം എന്നതും ശ്രദ്ധേയമായി. എങ്കിലും പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ സുചിത്ര നായരുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചര്‍ച്ചകള്‍ക്ക് തിരികൊളുത്തുകയും ചെയ്തിട്ടുണ്ട്.

താന്‍ നില്‍ക്കുന്ന മേഖലയിലാണെങ്കില്‍ പോലും പ്രതികരണമെന്നത് വലിയൊരു ഘടകമാണ് എന്നും ഇന്ന് തന്നോട് ആരെങ്കിലും മോശമായി സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടുണ്ട് എങ്കില്‍ ഒരു വര്‍ഷം കഴിഞ്ഞല്ല പ്രതികരിക്കേണ്ടത് എന്നും സുചിത്ര പറഞ്ഞു

നമ്മള്‍ ഉദ്ഘാടനത്തിനോ ഷൂട്ടിംഗിനോ പോകുകയാണ്. എന്നോട് ഒരാള്‍ മോശമായി പറയുന്നു, അശ്ലീലമായ രീതിയില്‍ പറയുന്നുവെന്ന് തോന്നിയാല്‍ പറഞ്ഞത് തെറ്റായിപ്പോയി എന്ന് പറയാനുള്ള ധൈര്യം നമ്മള്‍ അപ്പോള്‍ അവിടെ വെച്ച് തന്നെ കാണിക്കണം. അവിടെ പ്രതികരിക്കണം. ഒരു വര്‍ഷം കഴിഞ്ഞ് അയാള്‍ എന്നോട് അത് പറഞ്ഞത് ശരിയല്ലല്ലോ എന്ന് പറഞ്ഞ് പ്രതികരിക്കാന്‍ നില്‍ക്കുന്നത് വളരെ മോശമാണ്,’

ബോബി ചെമ്മണ്ണൂരിന്റെ ഭാഗത്ത് നിന്ന് ലൈംഗികാധിക്ഷേപം നേരിടേണ്ടി വന്നു എന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് നടി ഹണി റോസ് പരാതിപ്പെട്ടത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ബോബി ചെമ്മണ്ണൂരിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുകയാണ്. നാല് മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണ് കേസിനാധാരം.

LEAVE A REPLY

Please enter your comment!
Please enter your name here