ആലുവ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാർവ്വതീദേവിയുടെ നടതുറപ്പ് മഹോത്സവം ഇന്നു മുതൽ ജനുവരി 23 വരെ.
വര്‍ഷത്തില്‍ ധനുമാസത്തിലെ തിരുവാതിരനാള്‍ മുതല്‍ 12 ദിവസം മാത്രം ശ്രീ പാര്‍വ്വതി ദേവിയുടെ നടതുറക്കുന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ക്ഷേത്രമാണ് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം. പെരിയാറിന്റെ തീരത്ത് വെള്ളാരപ്പിള്ളി തെക്കുംഭാഗം കരയിലാണ് ക്ഷേത്രം. ഒരേ ശ്രീകോവിലില്‍ കാരുണ്യമൂര്‍ത്തിയായ സദാശിവനെ കിഴക്കോട്ടു ദര്‍ശനമായും മഹാദേവന്റെ പുറകില്‍ പടിഞ്ഞാറ് ദര്‍ശനമായി ശ്രീപാര്‍വ്വതിദേവിയെയും പ്രതിഷ്ഠിച്ചിരിക്കുന്നു. മഹാദേവന്റെ മുന്‍പിലെ മണ്ഡപത്തില്‍ ദേവനെ ദര്‍ശിച്ചുകൊണ്ട് ഋഷഭവും തിരുമുറ്റത്ത് ചിങ്ങം രാശിയില്‍ കിഴക്കു ദര്‍ശനമായി ശ്രീ മഹാഗണപതിയുമുണ്ട്. ശ്രീകോവില്‍ വളപ്പിനുപുറത്ത് മതില്‍ക്കെട്ടിനുള്ളിലായി, മിഥുനം രാശിയില്‍ പടിഞ്ഞാറു ദര്‍ശനമായി ജഗദംബികയായ സതീദേവി, ഭക്തപ്രിയയായ ഭദ്രകാളി, കന്നിരാശിയില്‍ കിഴക്കു ദര്‍ശനമായി കലിയുഗവരദനായ ധര്‍മ്മശാസ്താവ്, കുഭം രാശിയില്‍ കിഴക്കു ദര്‍ശനമായി ചതുര്‍ബാഹുവായ മഹാവിഷ്ണു എന്നിവരെയും പ്രതിഷ്ഠിച്ചിരിക്കുന്നു. അഭീഷ്ട വരദായനിയായ ശ്രീപാര്‍വ്വതിദേവിയെയും ശ്രീമഹാദേവയെും നടതുറപ്പ് മഹോത്സവവേളയില്‍ ദര്‍ശനം നടത്തിയാല്‍ മംഗല്യ സൗഭാഗ്യവും ദീര്‍ഘമംഗല്യവും അഷ്ടസൗഭാഗ്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം.