പത്തനംതിട്ട കൂട്ട ബലാത്സംഗം; ഡിഐജിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു… അറസ്റ്റിലായവരുടെ എണ്ണം ഇരുപത്തിയാറായി

Advertisement

പത്തനംതിട്ടയില്‍ കായികതാരമായ ദലിത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് അന്വേഷിക്കാന്‍ ഡിഐജിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. ഡിവൈഎസ്പി എസ്. നന്ദകുമാറിന്റെ നേതൃത്വത്തില്‍ ഇരുപത്തിയഞ്ചുപേരാണ് അന്വേഷണ സംഘത്തിലുള്ളത്. കേസില്‍ മൂന്നുദിവസം കൊണ്ട് അറസ്റ്റിലായവരുടെ എണ്ണം ഇരുപത്തിയാറായി. കസ്റ്റഡിയിലുള്ളവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പതിനാല് എഫ്‌ഐആറാണ് ഇതിനോടൊപ്പം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതീവ പ്രാധാന്യം കണക്കിലെടുത്താണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്. ഡിഐജി അജിതാ ബീഗം മേല്‍നോട്ടം വഹിക്കും. നിലവില്‍ അന്വേഷണം നടത്തുന്ന പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാറിന്റെ നേതൃത്വത്തില്‍ 25 പേരടങ്ങുന്ന ഉദ്യോഗസ്ഥരാണ് അന്വേഷണസംഘത്തിലുള്ളത്. ദേശീയ വനിതാ കമ്മിഷനും കഴിഞ്ഞദിവസം പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. കേസില്‍ കൂടുതല്‍ പേരുടെ അറസ്റ്റ് നടപടികള്‍ തുടരുകയാണ്. അറസ്റ്റിലായവരില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരും ഉള്‍പ്പെടുന്നു.