അധിക്ഷേപ പരാമർശത്തിൽ രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി; മുൻകൂർ ജാമ്യാപേക്ഷ നൽകി

Advertisement

കൊച്ചി: ഹണി റോസിനെതിരായ അധിക്ഷേപ പരാമർശത്തിൽ രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പരാതി. ചാനല്‍ ചര്‍ച്ചകളില്‍ നടി ഹണി റോസിനെതിരെ മോശം പരാമര്‍ശം നടത്തിയെന്നു ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശിയാണു പരാതി നല്‍കിയത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

പരാതിയില്‍ ഉടന്‍ നടപടിയുണ്ടാകുമെന്നാണു വിവരം. രാഹുല്‍ ഈശ്വറിന് എതിരായ ഹണി റോസിന്റെ പരാതിയില്‍ പൊലീസ് ഇന്ന് കേസെടുത്തേക്കും. ഇന്നലെയാണു രാഹുലിനെതിരെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ നേരിട്ടെത്തി ഹണി റോസ് പരാതി നല്‍കിയത്. അതിനിടെ രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകി.

സമൂഹമാധ്യമങ്ങളിലൂടെ രാഹുല്‍ ഈശ്വറിന്റെ പരാമര്‍ശങ്ങളോട് പ്രതികരിച്ച നടി ഉടന്‍ തന്നെ നിയമനടപടികള്‍ സ്വീകരിക്കുകയായിരുന്നു. ബോബി ചെമ്മണ്ണൂരിന് എതിരായ കേസില്‍ വീണ്ടും മൊഴിയെടുക്കാൻ സ്റ്റേഷനിലേക്ക് വിളിച്ചപ്പോള്‍ ആയിരുന്നു രാഹുല്‍ ഈശ്വറിനെതിരെ കൂടി പരാതി നല്‍കിയത്. സമൂഹമാധ്യമങ്ങളില്‍ നടിക്കെതിരെ അശ്ലീല കമന്റുകള്‍ ഇട്ട കൂടുതല്‍ പേര്‍ക്കെതിരെ നടപടികള്‍ ഉണ്ടായേക്കും. നിലവില്‍ നടിയുടെ പരാതിയില്‍ റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ചയാകും കോടതി പരിഗണിക്കുക.