മലപ്പുറം. അരീക്കോട് നടുക്കുന്ന ക്രൂരത. മാനസിക വെല്ലുവിളി നേരിടുന്ന യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന് പരാതി. ചൂഷണം ചെയ്തത് നാട്ടുകാരും അകന്ന ബന്ധുക്കളുമടക്കം എട്ടുപേർ. അരീക്കോട് പോലീസ് മൂന്ന് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
യുവതി മാനസിക വെല്ലുവിളി നേരിടുന്നത് കൊണ്ട് തന്നെ ഒന്നും പുറത്തു പറയില്ലെന്നും പിടിക്കപ്പെടില്ലെന്നുള്ള ധൈര്യമായിരുന്നു പ്രതികൾക്ക്. 2022 / 2023 വർഷത്തിലാണ് യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായത് – എഫ്ഐആറിൽ പറയുന്നു. അയൽവാസിയായ മുഖ്യപ്രതിയുമായി 2015 മുതൽ പരിചയമുണ്ട്. ഇയാൾ പലയിടങ്ങളിലായി കൊണ്ടുപോയി കാഴ്ചവച്ചു എന്നാണ് പരാതി. ചൂഷണം ചെയ്തത് നാട്ടുകാരും അകന്ന ബന്ധുക്കളും അടക്കം എട്ടുപേർ. ദിവസങ്ങൾക്ക് മുമ്പാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളെല്ലാം തിരിച്ചറിഞ്ഞതെന്ന് സഹോദരൻ വെളിപ്പെടുത്തി.
പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും മാനന്തവാടി കോഴിക്കോട് മഞ്ചേരി അരീക്കോട് തുടങ്ങി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയാണ് കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയതെന്ന് പോലീസ് പറയുന്നു. ഒരു പ്രതി യുവതിയുടെ 15 പവൻ സ്വർണവും 40,000 രൂപയും കവർന്നു. 38 കാരിയായ യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഇവർ ചികിത്സയിലാണ് .
മൂന്ന് എഫ്ഐആറുകൾ ആണ് അരീക്കോട് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊണ്ടോട്ടി ഡിവൈഎസ്പിക്ക് അന്വേഷണച്ചുമതല. നിലവിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം നടക്കുന്നു എന്ന് പോലീസ്.