തിരുവനന്തപുരം. സംസ്ഥാനത്തെ കോൺഗ്രസിൽ വീണ്ടും തർക്കം രൂക്ഷം. നേതാക്കൾ തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ ഹൈക്കമാൻഡ് വിഷയത്തിൽ ഇടപെടും എന്നാണ് സൂചന. യുഡിഎഫിന്റെ മുഖ്യമന്ത്രി ആര് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിലുള്ള തർക്കമായിരുന്നു കോൺഗ്രസിലെ ആദ്യത്തെ പ്രശ്നം. ഹൈക്കമാൻഡിറേയും പിന്നാലെ പൊതുവേദിയിലെ മുൻ മുഖ്യമന്ത്രി എ.കെ ആൻ്റണിയുടെയും ശാസനക്ക് പിന്നാലെ അത് അവസാനിച്ചു. പിന്നാലെ കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവും തമ്മിലുള്ള തർക്കം വീണ്ടും തലപൊക്കുകയാണ്. കെ.പി.സി.സി യോഗത്തിൽ പ്രതിപക്ഷ നേതാവ് പങ്കെടുക്കാത്തതാണ് തർക്കത്തിന്റെ തുടക്കം. തൊട്ടു പിന്നാലെ നടന്ന യുഡിഎഫ് നേതൃയോഗത്തിൽ കെ സുധാകരനും പങ്കെടുത്തില്ല. ഇതിനെ തുടർന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം അവസാന നിമിഷം മാറ്റിവയ്ക്കേണ്ടി വന്നു. ഹൈക്കമാൻഡ് ഉൾപ്പെടെ ഈ വിഷയത്തിൽ കടുത്ത അതൃപ്തിയിലാണ്. തർക്കം തുടർന്നാൽ എ.ഐ.സി.സി വിഷയത്തിൽ നേരിട്ട് ഇടപെടും.