തൃശ്ശൂർ. മാള കുരുവിലശ്ശേരിയിൽ മധ്യവയസ്കനെ കാപ്പാ കേസ് പ്രതി അടിച്ചുകൊന്നു. കുരുവിലശ്ശേരി സ്വദേശി 55 വയസ്സുള്ള തോമസ് ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ മാള പോലീസ് പിടികൂടി.
കുരുവിലശ്ശേരി സ്വദേശി തോമാസിനെയാണ് അയൽവാസിയും കാപ്പാ കേസ് പ്രതിയുമായ പ്രമോദ് കൊലപ്പെടുത്തിയത്.. പ്രമോദും തോമസും ദീർഘനാളായി ശത്രുതയിൽ ആയിരുന്നു.ഇന്ന് വൈകിട്ട് അഞ്ചരയോടെ ആയിരുന്നു സംഭവം. മരപ്പലകയും, കോൺക്രീറ്റ് കഷണവും ഉപയോഗിച്ചായിരുന്നു ആക്രമണം. തോമസിന്റെ രണ്ട് കാലും ഒരു കൈയും തല്ലിയൊടിച്ചു. തലയിലും മർദ്ദിച്ച് സാരമായി പരിക്കേൽപ്പിച്ചു. ക്രൂര മർദ്ദനത്തിനിരയായ തോമസ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കൃത്യം നടത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ മാള വലിയ പറമ്പിൽ ഓട്ടോയിൽ വന്നിറങ്ങിയപ്പോഴാണ് മാള പോലീസ് പിടികൂടിയത്. കൊല്ലപ്പെട്ട തോമസും പ്രമോദും തമ്മിൽ നേരത്തെയും അടിപിടി നടന്നിട്ടുള്ളതായി പ്രദേശവാസികൾ പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തോമസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.