കണിയാപുരം. കണ്ടലിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്.കഴുത്തിൽ കയർ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്ന് പ്രാഥമിക നിഗമനം.
യുവതിയുടെ ആഭരണങ്ങളും മൊബൈൽ ഫോണും കാണാനില്ല. യുവതിക്കൊപ്പം താമസിച്ചിരുന്ന ത്മിഴ്നാട് സ്വദേശി രംഗനായി ഊർജിത തിരച്ചിൽ.
കണിയാപുരം കണ്ടലിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഷിജി എന്ന ഷാനുവിനെയാണ് ഇന്നലെ വൈകുന്നേരത്തോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ഹാളിൽ തറയിൽ മരിച്ചു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. സംഭവം കൊലപാതകമെന്ന് മംഗലപുരം പോലീസ് സ്ഥിരീകരിച്ചു. കഴുത്തിൽ കയർ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അയ കെട്ടിയിരുന്ന കയർ പൊട്ടിച്ചെടുത്താണ് കൃത്യം നടത്തിയത്. ഷിജിയുടെ മാലയും കമ്മലും മൊബൈൽ ഫോണും കാണാനില്ല.
തഹസീൽദാരുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി. യുവതിക്കൊപ്പം താമസിച്ചിരുന്ന ത്മിഴ്നാട് സ്വദേശി രംഗനായി ഊർജിത തിരച്ചിൽ ആരഭിച്ചതായി പൊലീസ് വ്യക്തമാക്കി. രംഗൻ തമിഴ്നാട്ടിലേക്ക് കടന്നതായി അന്വേഷണ സംഘം ഉറപ്പിക്കുന്നു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ സ്കൂൾ വിട്ട് വീട്ടിലെത്തിയ ഷിജിയുടെ കുട്ടികളാണ് മൃതദേഹം കണ്ടത്.
എട്ടു വർഷങ്ങൾക്കു മുൻപ് ആദ്യഭർത്താവ് മരിച്ച ഷിജി കുറച്ച് നാളായി രംഗനുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. സംഭവശേഷം ഹോട്ടൽ ജീവനക്കാരനായ രംഗൻ ഒളിവിൽ പോയതാണ് സംശയം ഇയാളിലേക്ക് നീങ്ങാൻ കാരണം.
ഇന്നലെ രാവിലെ ഷിജിയുടെ കുട്ടികൾ സ്കൂളിൽ പോകുമ്പോൾ ഇരുവരും വീട്ടിലുണ്ടായിരുന്നു..