ഹരിവരാസനം പുരസ്‌കാരം കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് സമ്മാനിച്ചു

Advertisement

പത്തനംതിട്ട: 2025 ലെ ഹരിവരാസനം പുരസ്‌കാരം കവിയും ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് സമ്മാനിച്ചു. ശബരിമല സന്നിധാനത്ത് അയ്യപ്പ ഭക്തരെ സാക്ഷിയാക്കി നടന്ന ചടങ്ങില്‍ മന്ത്രി വി.എന്‍. വാസവനാണ് പുരസ്‌കാരം നല്‍കിയത്.
സംഗീതലോകത്ത് പ്രാഗല്ഭ്യം തെളിയിച്ചിട്ടുള്ള കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സൃഷ്ടികള്‍ കാലത്തിന് അതീതമാണെന്ന് മന്ത്രി പറഞ്ഞു. ശാസ്ത്രീയ സംഗീതത്തില്‍ ആഗ്രഗണ്യനാണ് അദ്ദേഹം. സാംസ്‌കാരിക കേരളത്തിന് നല്‍കിയിട്ടുള്ള സംഭാവനകള്‍, അയ്യപ്പനെ സാക്ഷി നിര്‍ത്തി എഴുതിയ അയ്യപ്പ ഗാനങ്ങള്‍ അയ്യപ്പകാരുണ്യം, ശരണാമയം അയ്യപ്പപ്പൂജ തുടങ്ങിയ സംഗീത ആല്‍ബങ്ങള്‍ എന്നിവ പരിഗണിച്ച് സംസ്ഥാന സര്‍ക്കാരിന് വേണ്ടി അദ്ദേഹത്തെ അനുമോദിക്കുന്നതായും മന്ത്രി അറിയിച്ചു.
സര്‍വ്വമത സാഹോദര്യത്തിനും സര്‍ഗ സമഭാവനയ്ക്കുമുള്ള സര്‍ഗാത്മക പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നതിനായി ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതാണ് ഹരിവരാസനം പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
സംഗീതത്തിലൂടെ ശബരിമലയേയും സ്വാമി അയ്യപ്പനേയും ജനമനസുകളില്‍ പ്രതിഷ്ഠിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ഗാനരചയിതാവ്, സംഗീത സംവിധായകന്‍, തിരക്കഥാകൃത്ത്, നടന്‍ തുടങ്ങിയ വിവിധ മേഖലകളിലെ സമഗ്ര സംഭാവനകളും കണക്കിലെടുത്താണ് കൈതപ്രത്തിന് പുരസ്‌കാരം നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here