കണ്ണൂര്‍. മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റിയ വയോധികന് ജീവന്റെ തുടിപ്പ്. കണ്ണൂർ എ കെ ജി ആശുപത്രിയിലാണ് നാടകീയമായ സംഭവം. കണ്ണൂർ പാച്ചപ്പൊയിക സ്വദേശി പവിത്രനാണ് ജീവൻ തിരിച്ചുകിട്ടിയത്. ആംബുലൻസിൽ നിന്ന് ഫ്രീസറിലേക്ക് മാറ്റുന്നതിനിടെ ആശുപത്രിയിലെ അറ്റൻഡറാണ് കൈയ്യിൽ അനക്കം കണ്ടത്
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് പവിത്രൻ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ പിടിച്ചുനിർത്തിയത്. ഒടുവിൽ പവിത്രനെ കണ്ണൂരിലേക്ക് കൊണ്ടുവരാമെന്ന് കുടുംബം തന്നെ തീരുമാനിച്ചു. പിന്നീടാണ് നാടകീയമായ സംഭവങ്ങളുണ്ടായത്. വെന്റിലേറ്ററിൽ നിന്ന് മാറ്റിയതോടെ പവിത്രൻ മരിച്ചുവെന്ന വിവരമാണ് ബന്ധുക്കൾ നാട്ടിൽ അറിയിച്ചത്. രാത്രിയിൽ മൃതദേഹം സൂക്ഷിക്കാൻ കണ്ണൂർ എ കെ ജി ആശുപത്രിയിൽ ഫ്രീസറും ബുക്ക് ചെയ്തു. ദിനപത്രത്തിൽ സംസ്കാര സമയം വരെ നിശ്ചയിച്ച് വാർത്തയും നൽകി. രാത്രി 11.30 ഓടെ ആംബുലൻസ് എ കെ ജി ആശുപത്രിയിൽ എത്തി. ആംബുലൻസിൽ നിന്ന് മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ പവിത്രന്റെ കൈ അനങ്ങുന്നത് അറ്റണ്ടർ ജയൻ കണ്ടു. ഉടൻ അത്യാഹിത വിഭാഗത്തിലേക്ക് പവിത്രനെ മാറ്റി
ബന്ധുക്കളും, പ്രാദേശിക ജനപ്രതിനിധികളും മരണം സാക്ഷ്യപ്പെടുത്തിയതുകൊണ്ടാണ് ഫ്രീസർ സംവിധാനം ഒരുക്കി നൽകിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. എന്തായാലും ജീവനക്കാരുടെ ശ്രദ്ധകൊണ്ട് ഒരു ജീവൻ തിരിച്ചുകിട്ടി. പവിത്രൻ നിലവിൽ എ കെ ജി സഹകരണ ആശുപത്രിയിലെ തന്നെ ഐസിയു യിൽ ചികിത്സയിലാണ്.