തിരുവനന്തപുരം. ഹൈക്കോടതി വിലക്ക് ലംഘിച്ച് സെക്രട്ടറിയേറ്റ് പരിസരത്ത് സ്ഥാപിച്ച ഫ്ലക്സ് ബോർഡ് സംഭവം വാര്‍ത്തയായതോടെ നീക്കി. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ കെട്ടിട ഉദ്ഘാടനത്തിന്റെ ഭാഗമായാണ്
മുഖ്യമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തി
കൂറ്റൻ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. വിവാദമായതിന് പിന്നാലെയാണ് കോർപ്പറേഷൻ നടപടി സ്വീകരിച്ചത്.
സെക്രട്ടറിയേറ്റ് കന്റോൺമെന്റ് ഗേറ്റിന് സമീപത്തായാണ് ഭരണാനുകൂല സർവീസ് സംഘടന കൂറ്റൻ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. മുഖ്യമന്ത്രിയുടെ കട്ടൗട്ട് അടക്കം ഉൾപ്പെടുത്തിയായിരുന്നു കെട്ടിട ഉദ്ഘാടനത്തിന്റെ ഫ്ലക്സ് ബോർഡ്. പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും അനധികൃതമായി സ്ഥാപിക്കുന്ന ഫ്ലക്സ് ബോർഡുകൾ നീക്കാനുള്ള ഹൈക്കോടതിയുടെ കർശന നിർദേശം നിലനിൽക്കെയാണ് വിലക്ക് ലംഘനം. അനധികൃതമായി സ്ഥാപിച്ച ബോർഡുകൾ അടക്കമുള്ളവ എടുത്തുമാറ്റാൻ തദ്ദേശസ്ഥാപനങ്ങൾക്ക് കോടതി നിർദ്ദേശം നൽകിയിരുന്നു. നടപടി ഉറപ്പാക്കാൻ സർക്കാരിനോടും ആവശ്യപ്പെട്ടു. സംസ്ഥാന വ്യാപകമായി നടപടികൾ തുടരവേയാണ് സെക്രട്ടറിയേറ്റ് പരിസരത്ത് കൂറ്റൻ ബോർഡ് ഉയർന്നത്. വിവാദമായതിന് പിന്നാലെ നടപടി. കോർപ്പറേഷൻ ജീവനക്കാരും തൊഴിലാളികളുമെത്തി ഫ്ലക്സ് ബോർഡും ഒപ്പം സ്ഥാപിച്ചിരുന്ന മുഖ്യമന്ത്രിയുടെ കട്ടൗട്ടും പൊളിച്ച് നീക്കി.