തൃശൂര്‍. പീച്ചിഡാം റിസർവോയറിൽ വീണുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെ കുട്ടിയും മരിച്ചു. പട്ടിക്കാട് മെട്രോ നഗറിൽ മുരിങ്ങാത്തുപറമ്പിൽ ബിനോജ് – ജൂലി ദമ്പതികളുടെ മകൾ എറിൻ (16) ആണ് മരിച്ചത്. ചികിത്സയിലുള്ള നാലാമത്തെ കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.
ചൊവ്വാഴ്ച വൈകീട്ട് ഏഴോടെയാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എറിൻ മരിച്ചത്. രാവിലെ മുതൽ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് ഹൈ വെന്റിലേറ്റർ പിന്തുണയിലാണ് ജീവൻ നിലനിർത്തിയിരുന്നത്. വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ചികിത്സയിൽ തുടരുന്ന നിമ ജോണിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മറ്റു രണ്ട് പേർ തിങ്കളാഴ്ച മരിച്ചിരുന്നു. ആൻ ഗ്രേസ്, അലീന എന്നിവരാണ് തിങ്കളാഴ്ച മരിച്ചത്. ചൊവ്വാഴ്ച മരിച്ച എറിന്റെ മൃതദേഹം പട്ടിക്കാട് സെ. ഫ്രാൻസിസ് സേവ്യേഴ്സ് ഫൊറോന പള്ളിയിൽ സംസ്ക്കരിക്കും. കാതറിനാണ് സഹോദരി.
സുഹൃത്തിന്റെ വീട്ടിൽ പെരുന്നാൾ ആഘോഷിക്കാൻ എത്തിയവരാണ് ഞായറാഴ്ച വൈകീട്ടോടെ പീച്ചി ഡാം റിസർവോയറിൽ വീണത്. റിസർവോയറിൽ വീണ ഒരാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റുള്ളവരും വെള്ളത്തിൽ വീഴുകയായിരുന്നു.