മദ്യപിച്ച് വീട്ടിലെത്തി വാക്കുതര്‍ക്കം, വടി കൊണ്ടടിച്ചു ; സ്വന്തം മകനെ തലക്കടിച്ച് കൊലപ്പെടുത്തി അച്ഛന്‍

Advertisement

ഇടുക്കി: അച്ഛനും മകനും തമ്മിലുണ്ടായ സംഘർഷത്തിനിടെ തലയ്ക്കടിയേറ്റ് മകൻ മരിച്ചു. രാമക്കല്‍മേട് ചക്കകാനം പുത്തന്‍വീട്ടില്‍ ഗംഗാധരന്‍ നായര്‍ (54) ആണ് മരിച്ചത്. പിതാവ് രവീന്ദ്രന്‍ നായര്‍ പൊലീസ് കസ്റ്റഡിയില്‍. അമിതമായി മദ്യപിച്ചു വീട്ടില്‍ എത്തിയ ഗംഗാധരന്‍ പിതാവ് രവീന്ദ്രനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതിനിടെ രവീന്ദ്രന്‍ വടി ഉപയോഗിച്ചു മകനെ മര്‍ദിച്ചു. ഇതോടെ ഇയാളുടെ തലയില്‍ മുറിവ് ഏല്‍ക്കുകയും ബോധരഹിതനായി വീഴുകയുമായിരുന്നു.

തുടര്‍ന്ന് രവീന്ദ്രന്‍ അയല്‍വാസികളെ വിവരം അറിയിച്ചു. ഉടന്‍ തന്നെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. തലയില്‍ ഉണ്ടായ മുറിവില്‍ നിന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്. സ്ഥിരം മദ്യപാനിയായ ഗംഗാധരന്‍ വീട്ടില്‍ നിന്നും മാറിയാണ് താമസിച്ചിരുന്നത്. രണ്ട് മാസം മുന്‍പ് മദ്യപാനം നിര്‍ത്തിയ ശേഷം വീട്ടില്‍ സ്ഥിര താമസമാക്കി. എന്നാല്‍ പിന്നീട് വീണ്ടും മദ്യപിച്ച ഇയാള്‍ വീട്ടില്‍ ബഹളം വെയ്ക്കുകയായിരുന്നു. ഇതാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്തു. പ്രതിയെ കമ്പം മെട്ട് പൊലീസാണ് കസ്റ്റഡിയില്‍ എടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here