തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയനെ ‘ഫീനിക്സ് പക്ഷി’യായും ‘പടയുടെ നടുവിൽ പടനായകനാ’യും വിശേഷിപ്പിച്ച് വീണ്ടും വാഴ്ത്തുപാട്ട്. നാളെ സിപിഎം അനുകൂല കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി 100 വനിതാ ജീവനക്കാർ ഗാനം ആലപിക്കും.
മൂന്ന് വർഷം മുൻപു സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാറശാലയിൽ പിണറായി സ്തുതിയുമായി മെഗാ തിരുവാതിര അവതരിപ്പിച്ചതു വിവാദമായിരുന്നു. വ്യക്തിപൂജയെ എക്കാലത്തും തള്ളിപ്പറഞ്ഞിട്ടുള്ള പാർട്ടിയിൽ മറ്റൊരു സമ്മേളനകാലത്താണു മുഖ്യമന്ത്രിക്കു വ്യക്തിപൂജ ചെയ്തുകൊണ്ടുള്ള സംഘഗാനാലാപനം വീണ്ടും അരങ്ങേറുന്നതെന്ന കൗതുകവുമുണ്ട്.
‘സമരധീര സാരഥി പിണറായി വിജയൻ, പടയുടെ നടുവിൽ പടനായകൻ’ എന്ന വരികളോടെയാണു പാട്ടു തുടങ്ങുന്നത്. ‘ഫീനിക്സ് പക്ഷിയായി മാറുവാൻ ശക്തമായ ത്യാഗപൂർണ ജീവിതം വരിച്ചയാളാ’ണു പിണറായിയെന്നു പാട്ടിൽ പറയുന്നു.
‘പാടവും പറമ്പും കേരമൊക്കെയും പടക്കളം
ജന്മിവാഴ്ചയെ തകർത്തു തൊഴിലിടങ്ങളാക്കിയോൻ
പണിയെടുത്തു ഭക്ഷണത്തിനായി പൊരുതും അച്ഛനെ
തഴുകിയ കരങ്ങളിൽ ഭരണചക്രമായിതാ…
കൊറോണ നിപ്പയൊക്കവേ തകർത്തെറിഞ്ഞ നാടിതേ
കാലവർഷക്കെടുതിയും ഉരുൾപൊട്ടലൊക്കവേ
ദുരിതപൂർണ ജീവിതം ഇരുളിലായ കാലവും
കൈവിളക്കുമായി ജ്വലിച്ചു കാവലായി നിന്നയാൾ
ജീവനുള്ള നാൾ വരെ സുരക്ഷിതത്വമേകിടാൻ
പദ്ധതികളൊക്കെയും ജനതതിക്കു നൽകിയോൻ’
എന്നിങ്ങനെ പോകുന്നു വരികൾ.
മാസങ്ങളായി രണ്ടു ചേരിയിൽ നിൽക്കുന്ന അസോസിയേഷനിൽ, മുഖ്യമന്ത്രിയുടെ ആശീർവാദമുള്ള പ്രസിഡന്റ് പി.ഹണിയുടെ നേതൃത്വത്തിലാണു സുവർണജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ സമ്മേളനകാലത്ത് അഞ്ഞൂറോളം വനിതകൾ പാറശാലയിൽ അവതരിപ്പിച്ച മെഗാതിരുവാതിരയിൽ ‘ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ പിണറായി വിജയനെന്ന സഖാവ് തന്നെ, എതിരാളികൾ കൂട്ടത്തോടെ പീഡിപ്പിച്ച സമയത്തെല്ലാം അടിപതറാതെ പോരാടിയ ധീരസഖാവാണ്’ എന്നിങ്ങനെയായിരുന്നു പാട്ട്. പിണറായിയെ സ്തുതിച്ചു ‘കേരള സിഎം’ എന്ന പേരിൽ യുട്യൂബിൽ കഴിഞ്ഞവർഷം ഒരു വിഡിയോ ഗാനവുമിറങ്ങിയിരുന്നു. ‘പിണറായി വിജയൻ നാടിന്റെ അജയൻ’ എന്നു തുടങ്ങുന്ന പാട്ടിൽ ‘തീയിൽ കുരുത്തൊരു കുതിര’, ‘കൊടുങ്കാറ്റിൽ പറക്കും കഴുകൻ’ എന്നെല്ലാമായിരുന്നു വിശേഷണം. മുൻപു വി.എസ്.അച്യുതാനന്ദനു ലഭിച്ചിരുന്ന ആരാധന, വ്യക്തിപൂജയെന്ന തരത്തിൽ പിണറായി വിഭാഗം പാർട്ടിക്കുള്ളിൽ ആയുധമാക്കിയിരുന്നു.
∙ ‘മുഖ്യമന്ത്രിയെക്കുറിച്ചു സെക്രട്ടേറിയറ്റിലെ ജീവനക്കാരൻ എഴുതിയ കവിതയ്ക്കു സംഗീതം നൽകി അവതരിപ്പിക്കുക മാത്രമാണുദ്ദേശിക്കുന്നത്. 100 ഗായകർ ചേർന്ന് ആലപിക്കും.’ – പി. ഹണി, എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് പ്രസതാവനയിൽ അറിയിച്ചു.