നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ വിവാദമായ സമാധി കല്ലറ ഇന്ന് തുറക്കാനിരിക്കെ പോലീസ് വിലക്കും നിയന്ത്രണങ്ങളും മറികടന്ന് പൂജ നടത്തി മകൻ. ഇന്നലെ രാത്രി 10 മണിയോടെയാണ് ഇളയ മകൻ പൂജ നടത്തിയത്.10 മിനിട്ടോളം പൂജനീണ്ടുനിന്നു. പോലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടന്നായിരുന്നു പൂജ.ഗോപൻ സ്വാമിയുടെ സമാധി കല്ലറ ഇന്ന് സബ് കളക്ടറുടെ മേൽനോട്ടത്തിൽ തുറന്ന് പരിശോധിക്കും. കല്ലറയുടെ 200 മീറ്റർ ചുറ്റളവിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.കല്ലറ പൊളിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. ജില്ലാ ഭരണകൂടവും പോലീസും സ്ഥലത്തെത്തി. കോടതി വിധി അംഗീകരിക്കുന്നതായി ഹിന്ദു ഐക്യവേദി പറഞ്ഞു. ഒരു പ്രവർത്തകനും അതിനെ എതിർക്കില്ലെന്ന് ഭാരവാഹികൾ പറഞ്ഞു.
ആവശ്യമെങ്കിൽ ഗോപൻ സ്വാമിയുടെ കുടുംബത്തെ കരുതൽ കസ്റ്റഡിയിൽ എടുക്കും.
ഗോപന്‍സ്വാമിയുടെ സമാധി സ്ഥലം പൊളിച്ച് പരിശോധന നടത്തണമെന്ന ആര്‍ഡിഒ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യം ഇന്നലെ ഹൈക്കോടതി അനുവദിക്കാതിരുന്നതിനെ തുടർന്നാണ് ഇന്ന് കല്ലറ തുറക്കുന്നത്. മരണസര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി പരിശോധന സ്വാഭാവിക നടപടിക്രമമാണെന്ന് വ്യക്തമാക്കി. ഗോപന്‍ സ്വാമിയുടെ ഭാര്യ സുലോചനയാണ് സമാധി സ്ഥലം പൊളിക്കാനുള്ള ആര്‍ഡിഒ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
ഭര്‍ത്താവ് മരിച്ചെന്ന് ഭാര്യ സുലോചന അറിയിച്ചപ്പോള്‍ മരണസര്‍ട്ടിഫിക്കറ്റെവിടെ എന്ന് ഹൈക്കോടതി ചോദിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കാമെന്ന് വ്യക്തമാക്കിയ കോടതി കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്നും അതിന് പൊലീസിന് അധികാരമുണ്ടെന്നും വ്യക്തമാക്കി. 41 ദിവസത്തെ പൂജ മുടങ്ങാതെ ചെയ്യാന്‍ അനുവദിക്കണമെന്നും വിശ്വാസത്തെ വ്രണപ്പെടുത്താനാണ് പൊലീസ് നീക്കമെന്നും ഗോപന്‍സ്വാമിയുടെ കുടുംബം ആരോപിച്ചിരുന്നു.