‘സമാധി’യിൽ സമാധാനമുണ്ടാക്കാനെത്തിയ സബ് കലക്ടർ; ഈ ‘ചുള്ളൻ’ ആരെന്ന് സൈബർ ലോകം

Advertisement

തിരുവനന്തപുരം: ‘‘ഈ ചുള്ളൻ കലക്ടറെ പുറത്തെത്തിക്കാൻ സഹായിച്ച സമാധിക്ക് നന്ദി’’. തിരുവനന്തപുരത്ത് ഗോപൻ സ്വാമിയുടെ കല്ലറ പൊളിക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന വാർത്തകൾക്കിടയിൽ സമൂഹമാധ്യമങ്ങളിൽ വന്നൊരു കമന്റാണിത്. തിരുവനന്തപുരം സബ് കലക്ടറാണ് ഒരൊറ്റ വാർത്ത കൊണ്ട് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. വാർത്തയ്ക്ക് പിന്നാലെ കലക്ടറെ തേടിയിറങ്ങിയിരിക്കുകയാണ് സൈബർ ലോകം. കണ്ണൂർ സ്വദേശിയായ ആൽഫ്രഡ് ഒ.വിയാണ് സമൂഹമാധ്യമങ്ങളിലെ ആ താരം.

2022 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ് ആൽഫ്രഡ്. നേരത്തെ പാലക്കാട് അസിസ്റ്റന്റ് കലക്ടറുമായിരുന്നു. ബെംഗളൂരു ക്രൈസ്റ്റ് സർവകലാശാലയിൽനിന്നു കംപ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ആൽഫ്രഡ് ഡൽഹിയിൽ ഒരു വർഷം സോഫ്റ്റ്‌‌വെയർ എൻജിനീയറായി ജോലി ചെയ്തു. ബിരുദ പഠനകാലത്താണ് സിവിൽ സർവീസിനെക്കുറിച്ച് ചിന്തിക്കുന്നത്. സിനിമ കാണാനും ടർഫിൽ ഫുട്ബോൾ കളിക്കാനുമൊക്കെ പഠനത്തിനിടയിൽ ആൽഫ്ര‍ഡ് സമയം കണ്ടെത്തിയിരുന്നു.

2022ൽ തന്റെ മൂന്നാമത്തെ ശ്രമത്തിലാണ് ആൽഫ്രഡ് സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടിയത്. ആദ്യ ശ്രമത്തിൽ മെയിൻസ് പരീക്ഷ പാസാകാൻ സാധിച്ചിരുന്നില്ല. രണ്ടാം ശ്രമത്തിൽ 310–ാം റാങ്ക് നേടിയ ആൽഫ്രഡ് മൂന്നാം ശ്രമത്തിൽ അത് 57ലേക്ക് ഉയർത്തി. രണ്ടാം ശ്രമത്തിൽ ഇന്ത്യൻ പോസ്റ്റൽ സർവീസ് ലഭിച്ചിരുന്നു.

ഇതാദ്യമായല്ല ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ സമൂഹ മാധ്യമത്തിൽ ശ്രദ്ധേയരാകുന്നത്. കേരള കേഡറിലെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫീസറായെത്തിയ മെറിന്‍ ജോസഫ്, ദിവ്യ എസ്.അയ്യര്‍, യതീഷ് ചന്ദ്ര, ശ്രീറാം വെങ്കിട്ടരാമൻ എന്നിവരെല്ലാം സൈബറിടത്ത് തരംഗം തീര്‍ത്ത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here