തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ വിവാദ കല്ലറ തുറന്ന് പുറത്തെടുത്ത മൃതദേഹത്തിൻ്റെ പോസ്റ്റ്മോർട്ടത്തിൽ മൂന്നു തലങ്ങളിലുള്ള പരിശോധന നടത്തുമെന്ന് ഡോക്ടർമാർ. വിഷം ഉള്ളിൽ ചെന്നാണോ മരണമെന്നും പരിക്കേറ്റാണോ, അതോ സ്വഭാവിക മരണമാണോയെന്നും പരിശോധിക്കും. വിഷാശം കണ്ടത്താനായി ആന്തരിക അവയവങ്ങളുടെ സാമ്പിൾ ശേഖരിക്കുമെന്നും ഡോക്ടർമാർ അറിയിച്ചു.
ആന്തരിക അവയവങ്ങളുടെ സാമ്പിൾ പരിശോധനയുടെ ഫലം വരാൻ ഒരാഴ്ച എങ്കിലും കാലതാമസമെടുക്കും. പരിക്കുകൾ ഉണ്ടോ എന്ന് കണ്ടെത്താൻ റേഡിയോളജി, എക്‌സറെ പരിശോധന നടത്തും. ഇതിന്റെ ഫലം ഇന്ന് തന്നെ ലഭിക്കും. മൂന്നാമത്തെ പരിശോധന സ്വാഭാവിക മ രണമാണോ എന്ന് സ്ഥിരീകരിക്കാനാണ്. രോഗവസ്ഥ അടക്കം പല സാഹചര്യങ്ങൾ വിലയിരുത്തിയാണ് ഇതിൽ തീരുമാനമെടുക്കുക. മരിച്ചത് ഗോപൻ തന്നെയാണോ എന്ന് ഉറപ്പുവരുത്താൻ ശാസ്ത്രീയമായി തെളിയിക്കാൻ ഡിഎൻഎ പരിശോധനയും നടത്തും. അതേസമയം, പോസ്റ്റ്മോർട്ടം നടക്കുന്ന സ്ഥലത്തേക്ക് മൂത്ത മകൻ സനന്ദനെ കൊണ്ടു പോയി. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് മകൻ പോവാൻ തയ്യാറാവുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബം ഏറ്റെടുക്കേണ്ടി വരും.
മൃതദേഹം അഴുകിയ നിലയിലാണെങ്കിൽ പോസ്റ്റ്മോർട്ടം സ്ഥലത്ത് വെച്ച് തന്നെ നടത്താമെന്നായിരുന്നു നേരത്തെയുണ്ടായ തീരുമാനം. അതിനാൽ ഫോറൻസിക് സർജൻ അടക്കം സംഘവും സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ അഴുകിയിട്ടില്ലാത്തതിനാൽ ഫോറൻസിക് സംഘം മടങ്ങി. കല്ലറയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ചുറ്റും ഭസ്മവും പൂജാ ദ്രവ്യങ്ങളും ഉണ്ടായിരുന്നു. ഹൃദയ ഭാഗം വരെ പൂജാദ്രവ്യങ്ങൾ നിറച്ച നിലയിലായിരുന്നു.
കളക്ടറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ രണ്ടു ദിവസം മുമ്പ് കല്ലറ പൊളിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിൻമാറുകയായിരുന്നു. ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസിൽ അന്വേഷണം നടത്തുന്ന പൊലീസിന് കല്ലറ തുറന്ന് പരിശോധിക്കുന്നതിൽ തടസമില്ലെന്നായിരുന്നു കോടതി നിരീക്ഷണം. തുടർന്നാണ് പൊലീസ് അന്വേഷണവുമായി മുന്നോട്ട് പോവാൻ തീരുമാനിച്ചത്. അതിരാവിലെ വൻ പൊലീസ് സന്നാഹത്തോടെ വീട്ടിലെത്തി കല്ലറ പൊളിക്കുകയായിരുന്നു. അതേസമയം, നേരത്തെ പ്രതിഷേധം ഉയർത്തിയിരുന്നെങ്കിലും ഇന്ന് കല്ലറ പൊളിക്കുമ്പോൾ കാര്യമായ പ്രതിഷേധമൊന്നും കുടുംബത്തിൻ്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല.