കൊച്ചി. ചേന്നമംഗലം കൂട്ടക്കൊലപാതക കേസ് മുനമ്പം ഡിവൈഎസ്പി എസ് ജയ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. പ്രതി ഋതുജയൻ എത്തിയത്
ജിതിനെ കൊലപ്പെടുത്തണമെന്ന് ഉദ്ദേശത്തോടെ എന്ന് എഫ്ഐആർ. കൊലപാതക സമയത്ത് പ്രതി ലഹരി ഉപയോഗിച്ചിട്ടില്ലായിരുന്നുവെന്നും കണ്ടെത്തൽ. സഹോദരിയെ കുറിച്ച് മോശമായി സംസാരിച്ചതാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് പ്രതി മൊഴി നൽകി.
ജിതിനെ ലക്ഷ്യമിട്ടാണ് ഋതു വീട്ടിലെത്തിയത്. ആദ്യം പുറത്തിറങ്ങിയ വിനീഷയെ തലക്കടിച്ചു വീഴ്ത്തി പിന്നാലെ ഉഷയെയും വേണുവിനെയും ആക്രമിച്ചു. ജിതിന്റെ തലക്കടിക്കുകയും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു.
കൊലപാതകത്തിനു ശേഷവും പ്രതിക്ക് ഒരു ഭാവഭേദവും ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ.
ഒരു വർഷമായി ജിതിന്റെയും – ഋതുവിന്റെയും കുടുംബങ്ങൾ തമ്മിൽ തർക്കം ആരംഭിച്ചിട്ട്. സമീപത്തെ മറ്റു വീടുകളിലും ഋതു അതിക്രമിച്ചു കയറി പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. എൻഡിപിഎസ് കേസിലും പ്രതിയാണ്. എന്നാൽ ഇന്നലെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലഹരിവസ്തുക്കൾ കണ്ടെത്താനായില്ല. കൊടും ക്രിമിനൽ ആയതിനാൽ ഋതുവിനെ എതിർക്കാൻ നാട്ടുകാരും ഭയപ്പെട്ടിരുന്നു.
ആദ്യം മുതൽ അവസാനം വരെ നടന്ന കാര്യങ്ങൾ ഋതു പോലീസിനു മുൻപാകെ വിശദീകരിച്ചിട്ടുണ്ട്. പ്രതി മാനസികാരോഗ്യത്തിന് ചികിത്സ തേടിയിരുന്നു എന്നാണ് പോലീസ് കണ്ടെത്തൽ. കസ്റ്റഡിയിൽ വാങ്ങിയ ശേഷമാകും തെളിവെടുപ്പ് നടത്തുക.