കെ.ബി. ഗണേഷ് കുമാറിന് ആശ്വാസം: വില്പത്രത്തിലെ ഒപ്പ് മുൻ മന്ത്രി ആർ. ബാലകൃഷ്ണപിള്ളയുടേത് തന്നെ

Advertisement

വില്പത്രത്തിലെ ഒപ്പ് മുൻ മന്ത്രി ആർ ബാലകൃഷ്ണപിള്ളയുടേത് തന്നെയാണെന്ന് ഫൊറൻസിക് റിപ്പോർട്ട്. പിതാവ് ആര്‍. ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വില്‍പത്രത്തിലെ ഒപ്പുകള്‍ വ്യാജമാണെന്ന മകൾ ഉഷ മോഹൻ ദാസിന്റെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് ഫൊറൻസിക് റിപ്പോർട്ട് വന്നത്. ഇതോടെ സഹോദരി ഉഷ മോഹന്‍ദാസുമായുള്ള സ്വത്തുതര്‍ക്ക കേസില്‍ മന്ത്രി കെ.ബി. ഗണേഷ് കുമാറിന് ആശ്വാസമായി.

വില്‍പത്രത്തിലെ ഒപ്പ് ആർ ബാലകൃഷ്ണപിള്ളയുടേതല്ലെന്ന് ചൂണ്ടിക്കാട്ടി ഉഷ മോഹന്‍ദാസ് കോടതിയെ സമീപിച്ചിരുന്നു. ആർ ബാലകൃഷ്ണപിള്ളയുടെ അവസാനകാലത്ത് ആരോഗ്യം വളരെ മോശമായിരുന്നു. ആ സമയത്ത് കെ.ബി. ഗണേഷ് കുമാര്‍ വ്യാജ ഒപ്പിട്ട് സ്വത്ത് തട്ടിയെടുത്തു എന്നായിരുന്നു ഉഷയുടെ പരാതി. കൊട്ടാരക്കര മുന്‍സിഫ് കോടതി വില്‍പത്രത്തിലെ ഒപ്പുകള്‍ ഫൊറന്‍സിക് പരിശോധനയ്‌ക്കായി അയക്കുകയായിരുന്നു.
ഈ തര്‍ക്കത്തെത്തുടര്‍ന്ന് ഗണേഷ് കുമാറിനെ രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ രണ്ടരവര്‍ഷം മന്ത്രിയാവുന്നതില്‍നിന്ന് മാറ്റി നിര്‍ത്തിയിരുന്നു.

പിതാവിന്റെ ഒപ്പ് താൻ ഇട്ടെന്ന് പ്രചരിപ്പിച്ചു എന്ന് കെ ബി ഗണേഷ്കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. തന്നെ സമൂഹമധ്യത്തിലും കോടതിയിലും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിൽ ദുഃഖമുണ്ടായിരുന്നു, പക്ഷെ ഫൊറൻസിക് ഫലം വന്നപ്പോൾ അതിയായ സന്തോഷമുണ്ട്. തുടർന്നുള്ള നടപടികൾ കോടതിയാണ് തീരുമാനിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here