കൂത്താട്ടുകുളം. അവിശ്വാസ പ്രമേയത്തിൽ കോൺഗ്രസിനൊപ്പം നിൽക്കുമെന്ന് പറഞ്ഞ സ്വന്തം കൗൺസിലറെ സിപിഐഎം തന്നെ തട്ടിക്കൊണ്ടു പോയ സംഭവം രാഷ്ട്രീയ കേരളം സജീവ ചർച്ചയാക്കുകയാണ്. താൻ നേരിട്ട ദുരാനുഭവം കൗൺസിലർ കലാ രാജു തന്നെ തുറന്നു പറഞ്ഞതോടെ സിപിഐഎം കടുത്ത പ്രതിരോധത്തിലായി. നഗരസഭാ ഭരണം നഷ്ടപ്പെടും എന്ന് ഉറപ്പായപ്പോഴാണ് സിപിഐഎം ഇന്നലെ അറ്റകൈ പ്രയോഗിച്ചത്.
25 അംഗ നഗരസഭ കൗൺസിലിൽ 13 സീറ്റുകൾ എൽഡിഎഫിന്. യുഡിഎഫിന് 11. ഒരാൾ സ്വതന്ത്രനും.
ചെയർപേഴ്സനും വൈസ് ചെയർമാനും എതിരായ അവിശ്വാസ പ്രമേയത്തിൽ സ്വതന്ത്രൻ യുഡിഎഫിന് ഒപ്പം.
സിപിഐഎം കൗൺസിലറായി ജയിച്ച കലാ രാജുവും യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു.
ഇതോടെ കേവല ഭൂരിപക്ഷം നഷ്ടപ്പെടും എന്ന് ഉറപ്പായ സിപിഐഎം പ്രതിസന്ധിയിലായി. അവിശ്വാസത്തിൽ പങ്കെടുക്കരുതെന്ന് 13 കൗൺസിലർമാർക്കും പാർട്ടി നിർദ്ദേശം നൽകി. നിർദ്ദേശം അനുസരിക്കാതെ
രാവിലെ 10 മണിയോടെ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ കലാ രാജുവിനെ സിപിഎം പ്രവർത്തകർ വളഞ്ഞു. തുടർന്ന് വലിച്ചിഴച്ച് വാഹനത്തിൽ കയറ്റി.
തൊട്ടു പിന്നാലെ എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി. ഇരു വിഭാഗത്തിലുള്ള ആളുകൾക്കും പരിക്കേറ്റു.
കലാ രാജുവിനെ കടത്തിക്കൊണ്ടുപോയത് നഗരസഭ ചെയർപേഴ്സന്റെ ഔദ്യോഗിക വാഹനത്തിലാണ്. ഇതും വിവാദമായി.
അമ്മയെ തട്ടിക്കൊണ്ടുപോയി എന്ന പരാതി മക്കൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകി. ഇതിനിടെ കലാരാജു തന്നെ മകനെ ഫോണിൽ ബന്ധപ്പെട്ടു. സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ ഉണ്ടെന്നും, ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതും അറിയിച്ചു. സംഭവം പോലീസിനെ അറിയിച്ചിട്ടും ഏരിയാ കമ്മറ്റി ഓഫീസിൽ എത്തി കലാ രാജുവിനെ കുട്ടിക്കൊണ്ടു വരാൻ പോലീസ് തയ്യാറായില്ല. സിപിഎം നേതാക്കൾ തന്നെ കൂത്താട്ടുകുളത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇവിടെ സുരക്ഷിതയല്ലെന്നും ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാണിച്ച് മാത്യു കുഴൽനാടൻ എംഎൽഎയുടെ നേതൃത്വത്തിൽ കലാ രാജുവിനെ കടവന്ത്ര സഹകരണ ആശുപത്രിയിലേക്ക് രാത്രി തന്നെ മാറ്റി.
പാർട്ടിയിൽ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് നാലു മാസങ്ങൾക്കു മുമ്പ് കലാ രാജു നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ഇതിൽ മറുപടി കിട്ടാതായതോടെയാണ് പാർട്ടിയുമായി ഇടഞ്ഞത്. വിഷയത്തെ പാർട്ടി നേരിട്ട രീതി വ്യാപകമായി വിമർശിക്കപ്പെടുമ്പോഴും ആരെയും തട്ടി കൊണ്ട് പോയിട്ടില്ലെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ വിശദീകണം