കോഴിക്കോട്. ക്രൂരമായ കൊലപാതകത്തിൻ്റെ ഞെട്ടലിലാണ് താമരശ്ശേരിയിലെ ജനങ്ങൾ. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക്, അർബുദത്തിന് ചികിത്സയിൽ കഴിയുകയായിരുന്ന മാതാവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 53 കാരിയായ സുബൈദയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.
25 കാരനായ ആഷിക്ക് നന്നേ ചെറുതായിരിക്കെ പിതാവ് ഉപേക്ഷിച്ച് പോയതാണ്. പിന്നീട് സുബൈദ കഷ്ടപ്പെട്ട് വളർത്തിയതാണ് പൊന്നുമോനെ. അവൻ്റെ കൈ കൊണ്ടാണ് അന്ത്യം എന്ന് ഒരിക്കലും ഈ മാതാവ് നിനച്ചില്ല.
താമരശ്ശേരി കൈതപ്പൊയിലിലാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം അരങ്ങേറിയത്. മയക്കുമരുന്നിന് അടിമയായ ആഷിക് ബംഗ്ളൂരുവിലെ ഡീ അഡിക്ഷൻ സെൻ്ററിൽ ചികിത്സയിലായിരുന്നു. ഇതിനിടെ മാതാവിനെ കാണാൻ എത്തിയപ്പോഴാണ് കൊലപാതകം. ബ്രൈൻ ട്യൂമറിന് ശസ്ത്രക്രിയ കഴിഞ്ഞ് സഹോദരിയുടെ പുതുപ്പാടിയിലെ വീട്ടിൽ വിശ്രമത്തിലായായിരുന്നു 53 കാരിയായ സുബൈദ. ഇവിടെ എത്തിയാണ് ആഷിക്ക് കൊല നടത്തിയത്. അയൽവാസിയുടെ വീട്ടിൽ നിന്ന് തേങ്ങ പൊളിക്കാനെന്ന് പറഞ്ഞ് കൊടുവാൾ വാങ്ങിയ ആഷിക്ക്, പിന്നീട് കൃത്യം നടത്തുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടിയാണ് പോലീസിൽ ഏൽപിച്ചത്. രാവിലെ ജോലിക്ക് പോയ സുബൈദയുടെ സഹോദരി ഷക്കീലയെ അയൽക്കാരാണ് സംഭവം അറിയിച്ചത്.
താമരശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച
സുബൈദയുടെ മൃതദേഹം, പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്ന് രാവിലെ പത്ത് മണിയോടെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിക്കും