തമ്പാനൂരിലെ ഹോട്ടലില്‍ രണ്ടുപേര്‍ മരിച്ചനിലയില്‍. മഹാരാഷ്ട്ര സ്വദേശികളായ ബമന്‍, മുക്ത എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം.തമ്പാനൂര്‍ പൊലീസ് സ്റ്റേഷന് സമീപമുള്ള ഹോട്ടലില്‍ 17നാണ് ഇരുവരും മുറി എടുത്തത്. ഹോട്ടലില്‍ നല്‍കിയ രേഖകള്‍ അനുസരിച്ചാണ് ഇവര്‍ മഹാരാഷ്ട്ര സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞത്. മരിച്ചവരില്‍ സ്ത്രീ ഭിന്നശേഷിക്കാരിയാണെന്നാണ് സംശയിക്കുന്നത്. ചികിത്സ ആവശ്യാര്‍ഥമാണ് ഇവര്‍ തിരുവനന്തപുരത്ത് എത്തിയത് എന്നാണ് വിവരം.
ഇന്ന് രാവിലെ ഹോട്ടല്‍ ജീവനക്കാര്‍ ചായയുമായി എത്തി എത്ര തട്ടിയിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ ജീവനക്കാര്‍ വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോള്‍ പുരുഷന്‍ തൂങ്ങിമരിച്ച നിലയിലും സ്ത്രീ കിടക്കയില്‍ മരിച്ചനിലയിലുമാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ തമ്പാനൂര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ആത്മഹത്യയാണോ അതോ പുരുഷന്‍ സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നോ, അല്ലെങ്കില്‍ മറ്റു ദുരൂഹതകള്‍ വല്ലതുമുണ്ടോ എന്നി കാര്യങ്ങളില്‍ വ്യക്തത വരാനുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.