പാലക്കാട്. കഞ്ചിക്കോട്ട് വൻകിട മദ്യ നിർമ്മാണശാല അനുവദിച്ചതിൽ രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. വിഷയം നിയമസഭയിൽ സർക്കാരിനെതിരെ പ്രധാന ആയുധമാക്കാനാണ് പ്രതിപക്ഷ തീരുമാനം. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ രാഷ്ട്രീയ ലാഭം മുന്നിൽ കണ്ടെന്നും, വിവാദങ്ങൾക്ക് നിയമസഭയിൽ മറുപടി നൽകുമെന്നും മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.
ഒയാസിസ് കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക്, മദ്യനിർമ്മാണശാലയും ബ്രൂവറിയും സ്ഥാപിക്കാൻ പ്രാരംഭ അനുമതി നൽകിയത് രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം. ടെൻഡർ വിളിക്കാതെ കമ്പനിയെ തിരഞ്ഞെടുത്തത് ദുരൂഹം. ഡൽഹിയിലും പഞ്ചാബിലും കേസിൽ പെട്ട കമ്പനിയെ പരിഗണിച്ചതിൽ അഴിമതി, ജല ലഭ്യത പരിമിതമായ പ്രദേശത്തിന്റെ പാരിസ്ഥിതിക ആഘാതം പരിഗണിച്ചില്ല തുടങ്ങിയവയാണ് പ്രതിപക്ഷ ആരോപണങ്ങൾ. സർക്കാർ പുതിയ മദ്യം നയം തന്നെ രൂപീകരിച്ചത് തന്നെ ഒയാസിസ് കമ്പനിക്കായെന്ന് പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ.
എല്ലാം സുതാര്യമെന്നും വ്യവസായ നിക്ഷേപമെന്നും എക്സൈസ് മന്ത്രി എം ബി രാജേഷ്.എക്സൈസ് മന്ത്രിക്കൊപ്പം മുഖ്യമന്ത്രിക്കെതിരെയും ആരോപണം കടുപ്പിക്കുകയാണ് പ്രതിപക്ഷം. ബ്രൂവറി അനുമതിയിലെ വിവാദം നിയമസഭയെ പ്രക്ഷുബ്ധമാക്കും.