കല്പറ്റ : സ്തുതിപാഠകന്മാരുടെ വാഴ്ത്തുപാട്ടുകൾ കൊണ്ട് സംസ്ഥാന ഭരണത്തെയോ മുഖ്യമന്ത്രിയെയോ വെള്ള പൂശാൻ കഴിയില്ലെന്ന് ദേശീയ അധ്യാപക പരിഷത്ത് (എൻ ടി യു) സംസ്ഥാന പ്രസിഡണ്ടും കേരള സർവകലാശാലാ സിൻഡിക്കേറ്റംഗവുമായ പി എസ് ഗോപകുമാർ പറഞ്ഞു. കല്പറ്റ കൈനാട്ടി പത്മപ്രഭ സ്മാരക ഹാളിൽ നടന്ന എൻ ടി യു വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻകാരുടെയും അറുപത്തിയയ്യായിരം കോടിയുടെ ആനുകൂല്യങ്ങൾ എട്ടര വർഷത്തെ ഭരണത്തിനിടയിൽ സർക്കാർ കവർന്നെടുക്കുകയോ മരവിപ്പിക്കുകയോ ചെയ്തിരിക്കുകയാണ്. ക്ഷാമബത്താ കുടിശികയിൽ കേരളം നമ്പർ വൺ ആയിരിക്കുന്നു. പന്ത്രണ്ടാം ശമ്പള / പെൻഷൻ പരിഷ്കരണത്തിൻ്റെ കാലാവധി പൂർത്തിയായി ആറ് മാസങ്ങൾ പിന്നിട്ടിട്ടും നടപടികൾ യാതൊന്നും ആരംഭിച്ചിട്ടില്ല. പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശിക, ലീവ് സറണ്ടർ എന്നിവ സർക്കാർ കവർന്നെടുത്തിരിക്കുന്നു. മെഡിസെപിൽ കാഴ്ചക്കാരായ സർക്കാരിന് മാത്രമാണ് നേട്ടം. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന ഇടത് മുന്നണി വാഗ്ദാനം പാലിക്കാൻ കഴിയാത്ത സർക്കാരിനെതിരെ ഭരണ പക്ഷ സംഘടനകൾ തന്നെ സമരരംഗത്ത് ഇറങ്ങിയിരിക്കുന്നു. എട്ടര വർഷത്തെ ഭരണത്തിനിടയിൽ അഴിമതിയാരോപണങ്ങളുടെ മലവെള്ളപ്പാച്ചിലാണ് സർക്കാരിനെതിരെ ഉയർന്നത്. പാവപ്പെട്ടവർക്ക് നൽകുന്ന ക്ഷേമ പെൻഷൻ പോലുള്ള അടിസ്ഥാനാവശ്യങ്ങൾക്ക് ഖജനാവിൽ പണമില്ലെന്ന് പരിതപിക്കുന്ന സർക്കാർ ഇഷ്ടക്കാർക്ക് വേണ്ടി യഥേഷ്ടം ധൂർത്തടിക്കുന്നു. കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് പണം നൽകാൻ കഴിയാത്ത സർക്കാരിന് പത്ത് കോടി നൽകി മന്ത്രിയേയും പരിവാരങ്ങളേയും സ്വിറ്റ്സർലണ്ടിലയയ്ക്കാൻ കഴിയുന്നത് തൊലിക്കട്ടി കൊണ്ടു മാത്രമാണ്. പിണറായി സർക്കാരിൻ്റെ കൊള്ളരുതായ്മകൾ വിശദീകരിക്കുന്നത് കശാപ്പുകാരൻ്റെ വസ്ത്രത്തിലെ ചോരക്കറകൾ എണ്ണി പറയുന്നതുപോലെ നിഷ്പ്രയോജനമാണെന്നും പി എസ് ഗോപകുമാർ കുറ്റപ്പെടുത്തി.
എൻ ടി യു ജില്ലാ പ്രസിഡണ്ട് എൻ സി ബാബു പ്രശാന്ത് മാസ്റ്റർ അധ്യക്ഷനായിരുന്നു. മധ്യമേഖലാ സെക്രട്ടറിയും കോഴിക്കോട് സർവകലാശാലാ സെനറ്റംഗവുമായ എ വി ഹരീഷ് മുഖ്യ പ്രഭാഷണം നടത്തി. പെൻഷനേഴ്സ് സംഘ് ജില്ലാ ട്രഷറർ എൻ മണി, എൻ ജി ഒ സംഘ് സംസ്ഥാന സെക്രട്ടറി കെ ഗോപാലകൃഷ്ണൻ, ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം കൺവീനർ രോഹിത് കെ രാജ് എന്നിവർ ആശംസയർപ്പിച്ചു. വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരെ സഹായിക്കാൻ എൻ ടി യു സംസ്ഥാന സമിതി സമാഹരിച്ച സേവാനിധി സേവാഭാരതി ജില്ലാ സെക്രട്ടറി നീതു ജയ്സണ് എൻ ടി യു സംസ്ഥാന പ്രസിഡണ്ട് കൈമാറി. വയനാട്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറിപ്പോയ എൻ ടി യു സംസ്ഥാന സമിതിയംഗം അജികുമാർ മാസ്റ്റർക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. ലൈവ് സംസ്കൃതം ആപ് വികസിപ്പിച്ച സംസ്കൃത അധ്യാപകരായ പി പി രാജേഷ്, എം ഡി ദിലീപ്, സി ബി വിനായകൻ എന്നീ സംസ്കൃത അധ്യാപകരെയും കലോത്സവ വിജയികളായ ആവണി കൃഷ്ണ, ദേവനന്ദ പ്രശാന്ത്, ശ്രീവർദ്ധനൻ എം എന്നീ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. ജില്ലാ സെക്രട്ടറി വി കെ സന്തോഷ് കുമാർ സ്വാഗതവും ട്രഷറർ പി എം മധു നന്ദിയും പറഞ്ഞു.