ഗുരുവായൂർ അമ്പല നടയിൽ ഇന്നലെ മാത്രം നടന്നത് 229 വിവാഹങ്ങൾ. മൊത്തം 248 വിവാഹങ്ങൾ ശീട്ടാക്കിയിരുന്നു. ഇതിൽ 19 എണ്ണം റദ്ദായി.
ഇക്കഴിഞ്ഞ സെപ്റ്റംബറിൽ 334 വിവാഹങ്ങൾ നടന്ന ശേഷം ഇതാദ്യമായാണ് ഇത്രയും വിവാഹങ്ങൾ ഒരു ദിവസം നടക്കുന്നത്. 5 കല്യാണ മണ്ഡപങ്ങളാണ് ഇന്നലെ ഒരുക്കിയത്. വധു, വരൻമാർക്കും ബന്ധുക്കൾക്കും ഇരിക്കാൻ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിനു തെക്കു ഭാഗത്ത് താത്കാലിക പന്തലും സജ്ജമാക്കി. അവിടെയായിരുന്നു വധു, വരൻമാരുടെ രേഖകൾ പരിശോധിച്ചത്.
വലിയ തിരക്കനുഭവപ്പെട്ടതോടെ വധു, വരൻ അടുത്ത ബന്ധുക്കൾ, ഫോട്ടോഗ്രാഫർമാർ എന്നിവരുൾപ്പെടെ ഒരു സംഘത്തിൽ 24 പേരായി നിജപ്പെടുത്തിയാണ് മണ്ഡപത്തിനു സമീപത്തേക്ക് പോകാൻ അനുവദിച്ചത്. ദർശനത്തിനുള്ള വരി വടക്കേ നടയിലേക്ക് മാറ്റി.