ചേന്ദമംഗലം കൂട്ടക്കൊല: ഋതു ജയന്റെ വീട് തകർത്ത് നാട്ടുകാർ, തെളിവെടുപ്പ് വെല്ലുവിളി

Advertisement

കൊച്ചി: ചേന്ദമംഗലത്തു കുടുംബത്തിലെ മൂന്നു പേരെ അരുംകൊല ചെയ്ത സംഭവത്തിൽ ജനരോഷം രൂക്ഷമായതോടെ, പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തൽ പൊലീസിനു വെല്ലുവിളി. പ്രതി ഋതു ജയന്റെ വീട് ഇന്നലെ വൈകിട്ട് ഒരുകൂട്ടം ആളുകൾ അടിച്ചു തകർത്തിരുന്നു. പ്രതിയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പറവൂർ കോടതി പരിഗണിക്കും. നാല് ദിവസത്തേക്കാണു കസ്റ്റഡിയിൽ ആവശ്യപ്പെടുക. ഇത് അനുവദിച്ചു കഴിഞ്ഞാൽ ഈ ദിവസങ്ങളിൽ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താനാണു പൊലീസ് ആലോചിക്കുന്നത്.

ഋതുവിനെതിരെ ജനരോഷമുള്ളതിനാൽ പൊലീസ് സാന്നിധ്യവും നിരീക്ഷണവും ഇവിടെ ശക്തമാക്കി. വരുംദിവസങ്ങളിലും കൂടുതൽ പൊലീസിനെ വിന്യസിച്ചു തെളിവെടുപ്പ് നടത്താനാണു പൊലീസ് ആലോചിക്കുന്നത്. നേരത്തേ, പ്രതിയെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ ജനങ്ങൾ ഇയാളെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇന്നലെ വൈകിട്ട് ആറു മണിയോടെയാണു ഋതുവിന്റെ വീട് ആക്രമിച്ചത്. വീട്ടിലെ ജനാലകളും സിറ്റൗട്ടിന്റെ ഒരു ഭാഗവും അടിച്ചു തകർത്തു. പ്രദേശവാസികളായ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ പൊലീസിനെ ഇവിടെ നിയോഗിച്ചിട്ടുണ്ട്. ഇവിടെ താമസിച്ചിരുന്ന ഋതുവിന്റെ മാതാപിതാക്കള്‍ ബന്ധുവീട്ടിലേക്കു മാറിയിരുന്നു.

കഴിഞ്ഞ ദിവസമാണു ചേന്ദമംഗലം പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (69), ഭാര്യ ഉഷ (62), മകൾ വിനീഷ (32) എന്നിവരെ അയൽവാസി ഋതു ജയൻ (28) വീട്ടിൽക്കയറി അടിച്ചുകൊന്നത്. വിനീഷയുടെ ഭർത്താവ് ജതിൻ ഗുരുതരമായി പരുക്കേറ്റ് എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്; അപകടനില തരണം ചെയ്തിട്ടില്ല. റോഡിന്റെ ഇരുവശങ്ങളിലുമായാണു രണ്ടു വീടുകളും. ഇവർ തമ്മിൽ നിലവിലുള്ള തർക്കങ്ങൾക്കു പിന്നാലെ ഋതു വീട്ടിലെത്തി കമ്പിവടി കൊണ്ട് വീട്ടുകാരെ ആക്രമിക്കുകയായിരുന്നു. പ്രതിക്കു മാനസികാസ്വാസ്ഥ്യമുണ്ടെന്നും ലഹരി ഉപയോഗിച്ചിരുന്നു എന്നും തുടക്കത്തിൽ റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും പൊലീസ് നിഷേധിച്ചു. ജതിനെ ആക്രമിക്കാൻ ലക്ഷ്യമിട്ടെത്തിയപ്പോൾ മറ്റുള്ളവരെയും ആക്രമിക്കുകയായിരുന്നു എന്നാണ് ഇയാൾ പൊലീസിനു മൊഴി നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here