സ്വർണത്തിനായി ജീവനെടുത്ത റഫീക്ക; കാമുകന് വിഷം നൽകി കൊന്ന ഗ്രീഷ്മ: ‘വധശിക്ഷ’ വിധിച്ച് ഒരേ കോടതി

Advertisement

തിരുവനന്തപുരം∙ ഷാരോൺ വധക്കേസിൽ നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി തൂക്കുകയർ വിധിച്ചതോടെ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന കേരളത്തിലെ പ്രായം കുറഞ്ഞ വനിതാ കുറ്റവാളിയായി ഗ്രീഷ്മ മാറി. കേരളത്തിൽ വളരെ അപൂർവമായി മാത്രമാണ് സ്ത്രീകളെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. നിലവിൽ ഒരു സ്ത്രീ മാത്രമാണ് കേരളത്തിലെ ജയിലുകളിൽ വധശിക്ഷ കാത്ത് കഴിയുന്നത്. വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിൽ കോവളം സ്വദേശി റഫീക്ക ബീവിയാണിത്.

വിഴിഞ്ഞം മുല്ലൂരിൽ മോഷണത്തിനായി ശാന്തകുമാരി എന്ന വയോധികയെ കൊലപ്പെടുത്തി ചാക്കിലാക്കി തട്ടിൻപുറത്ത് ഉപേക്ഷിച്ച കേസിലെ ഒന്നാം പ്രതിയാണ് റഫീഖ ബീവി. ഒരു വർഷം മുമ്പ് നെയ്യാറ്റിൻകര കോടതി തന്നെയാണ് റഫീക്ക ബീവിക്കും കൂട്ടുപ്രതികളായ റഫീക്കയുടെ മകൻ ഷഫീക്ക്, റഫീക്കയുടെ സുഹൃത്ത് അൽ അമീൻ എന്നിവർക്കും ശിക്ഷ വിധിച്ചത്. അതേ കോടതിയും അതേ ജഡ്ജിയുമാണ് ഇന്ന് ഷാരോൺ കേസും പരിഗണിച്ചത്.

∙ മുല്ലൂർ ശാന്തകുമാരി വധക്കേസ് ഇങ്ങനെ

2022 ജനുവരി 14 നായിരുന്നു റഫീക്ക ബീവി പ്രതിയായ കേസിനാസ്പദമായ സംഭവം. ശാന്തകുമാരിയുടെ അയൽവാസിയായിരുന്നു റഫീക്കാ ബീവി. ഇവര്‍ വാടകവീടൊഴിഞ്ഞ് പോയതിനു പിന്നാലെ വീട്ടുടമയും മകനും വീട്ടിലെത്തി നോക്കിയപ്പോള്‍ മച്ചില്‍നിന്നു രക്തം പുറത്തേക്കൊഴുകുന്നതു കാണുകയായിരുന്നു. വീട്ടില്‍ താമസിച്ചിരുന്ന റഫീഖാ ബീവിയാണ് കൊല്ലപ്പെട്ടതെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് ശാന്തകുമാരിയെ കാണാതായെന്നും അവരാണ് കൊല്ലപ്പെട്ടതെന്നും സ്ഥിരീകരിക്കുന്നത്. മച്ചില്‍ ഒളിപ്പിച്ചിരുന്ന മൃതദേഹം മണിക്കൂറുകള്‍ പണിപ്പെട്ടാണ് പൊലീസ് പുറത്തെത്തിച്ചത്.

ശാന്തകുമാരിയുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണം മോഷ്ടിക്കാനായി വീട്ടിലേക്ക് വിളിച്ചുവരുത്തി ചുറ്റികകൊണ്ട് തലക്കടിച്ച് കൊന്നെന്നാണ് പൊലീസ് കണ്ടെത്തല്‍. വാടക വീടെടുത്ത് താമസിച്ചതും കവര്‍ച്ച ലക്ഷ്യമിട്ടാണെന്നും പൊലീസ് പറഞ്ഞു. ആഭരണങ്ങളില്‍ ഒരു ഭാഗം പണയം വച്ചു. ബാക്കി പ്രതികളില്‍ നിന്നും കണ്ടെടുത്തു. കൊലയ്ക്കു ശേഷം കോഴിക്കോടിനു പോകാനായി യാത്ര ചെയ്യുമ്പോഴാണ് പ്രതികളെ പിടികൂടിയത്.

∙ ചോദ്യംചെയ്യലിൽ മറ്റൊരു കേസിനും തുമ്പ്

തുടര്‍ന്നു നടന്ന ചോദ്യം ചെയ്യലില്‍ റഫീഖാ ബീവിയും മകന്‍ ഷെഫീഖും മറ്റൊരു കൊലക്കേസിലും പ്രതികളാണെന്നു കണ്ടെത്തി. ഒരു വര്‍ഷം മുന്‍പു ദുരൂഹ സാഹചര്യത്തില്‍ മരിച്ച പതിനാലുകാരിയുടേതും കൊലപാതകമെന്നു തെളിയുകയായിരുന്നു. പ്രതി ഷെഫീഖ് ബലാത്സംഗം ചെയ്തതു പുറത്തുപറയാതിരിക്കാന്‍ പെണ്‍കുട്ടിയെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു. ഷെഫീഖിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കോവളം പൊലീസ് പുനരന്വേഷണം ആരംഭിച്ചു.

ആദ്യം ആത്മഹത്യയെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പെണ്‍കുട്ടിക്ക് ശാരീരികമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മരുന്നുകള്‍ കഴിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ പീഡനം നടന്നതായി സ്ഥിരീകരിച്ചുവെങ്കിലും പ്രതി ആരാണെന്ന് കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിരുന്നില്ല. പെണ്‍കുട്ടിയുടെ വീടിനു സമീപമുള്ള വാടക വീട്ടിലായിരുന്നു ഷെഫീഖും റഫീഖാ ബീവിയും അന്ന് താമസിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here