തിരുവനന്തപുരം: ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം എന്ന് പറഞ്ഞാണ് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയതെന്ന് കോടതി നിരീക്ഷിച്ചു. ഘട്ടം ഘട്ടമായി കൊലപാതകം നടത്തുകയായിരുന്നു ഗ്രീഷ്മയുടെ ലക്ഷ്യമെന്നും കോടതി. ഒക്ടോബർ 14ന് ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചപ്പോൾ കൊലപ്പെടുത്താൻ ആണ് വിളിക്കുന്നത് എന്ന് ഷാരോണിന് അറിയില്ലായിരുന്നു. എന്നാല്‍ മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചതിനു ശേഷവും പ്രതി ഷാരോണുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് തെളിഞ്ഞുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ വിഷം നൽകി കൊലപ്പെടുത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. മരണക്കിടക്കയിലും ഷാരോൺ ഗ്രീഷണിയെ സ്നേഹിച്ചിരുന്നു. ഗ്രീഷ്മ ശിക്ഷിക്കപ്പെടാൻ ഷാരോൺ ആഗ്രഹിച്ചിരുന്നില്ല. ഷാരോണിന് പരാതി ഉണ്ടോ ഇല്ലയോ എന്നത് കോടതിക്ക് മുമ്പിൽ പ്രസക്തമല്ലെന്നും വിധി പറയുന്നതിനു മുന്‍പ് കോടതി പ്രസ്താവിച്ചു. ഷാരോൺ പ്രണയത്തിന്റെ രക്തസാക്ഷിയാണെന്നും കോടതി വിലയിരുത്തി.
സ്നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ ശ്രമിച്ചു. ജ്യൂസിൽ എന്തോ പ്രശ്നങ്ങളുണ്ടെന്ന് ഷാരോണിന് ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് ഷാരോൺ വീഡിയോ ചിത്രീകരിച്ചത്. 11 ദിവസം ഒരു തുള്ളി വെള്ളം ഇറക്കാൻ ആകാതെയാണ് ഷാരോൺ ആശുപത്രിയിൽ കിടന്നത്. വിശ്വാസ വഞ്ചനയാണ് ഗ്രീഷ്മ നടത്തിയത്. പ്രകോപനമൊന്നുമില്ലാതെയാണ് കൊലപാതകമെന്ന് തെളിഞ്ഞതായും കോടതി നിരീക്ഷിച്ചു.
അതേ സമയം പ്രതിഭാഗം വാദിച്ചത് പോലെ ഗ്രീഷ്മയെ ഷാരോൺ മർദ്ദിച്ചതിന് തെളിവില്ലെന്ന് കോടതി പറഞ്ഞു. കുറ്റകൃത്യം ചെയ്തിട്ടും അവസാനം വരെ പിടിച്ചു നിൽക്കാൻ ശ്രമിച്ച കൗശലം വിജയിച്ചില്ല. ഗ്രീഷ്മ നേരത്തെ ഒരു വധശ്രമം നടത്തിയിട്ടുണ്ട്. പ്രതിയുടെ പ്രായം കോടതിക്ക് കണക്കിലെടുക്കാൻ ആകില്ല. ഷാരോണ്‍ അനുഭവിച്ച വേദന കുറവായിരുന്നില്ലെന്നും ആന്തരിക അവയവങ്ങളെല്ലാം അഴുകിയ നിലയിൽ ആയിരുന്നു മരിച്ചതെന്നും കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു. സമർത്ഥമായ കൊലപാതകമാണ് നടന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.