തിരുവനന്തപുരം: ഷാരോൺ രാജ് വധക്കേസിൽ ഒന്നാം പ്രതിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചുകൊണ്ടുള്ള 586 പേജ് ഉത്തരവിൽ സംസ്ഥാന പൊലീസിനെ കോടതി അഭിനന്ദിച്ചു. ഈ കേസിൽ പൊലീസ് സമർത്ഥമായ അന്വേഷണമാണ് നടത്തിയതെന്ന് കോടതി വിധിയിൽ തന്നെ പ്രസ്താവിച്ചു. മാറിയ കാലത്തിന് അനുസരിച്ച് പൊലീസ് അന്വേഷണ രീതി മാറ്റിയെന്നും കോടതി പറഞ്ഞു.
കുറ്റകൃത്യം നടത്തിയ അന്നു മുതൽ തനിക്കെതിരായ തെളിവുകൾ താൻ തന്നെ സ്വയം ചുമന്നു നടക്കുകയായിരുന്നു എന്ന് പ്രതിക്ക് അറിയാമായിരുന്നു. സാഹചര്യ തെളിവുകൾ പൊലീസ് നല്ല രീതിയിൽ കേസിൽ ഉപയോഗിച്ചുവെന്നും കോടതി പറഞ്ഞു. പ്രതിക്കെതിരെ വധശ്രമത്തിനുള്ള 307-ാം വകുപ്പ് പൊലീസ് ചുമത്തിയിരുന്നില്ല. എന്നാൽ വധശ്രമം ഉണ്ടായെന്ന് തെളിഞ്ഞതായും കോടതി പറഞ്ഞു. നേരത്തെ ഷാരോൺ രാജിനെ കൊല്ലാനായി പ്രതി ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തിയത് വധശ്രമമായിരുന്നു എന്നാണ് കോടതി വിലയിരുത്തിയത്. ഷാരോണിന് പരാതി ഉണ്ടോ ഇല്ലയോ എന്നത് കോടതിക്ക് മുന്നിൽ പ്രസക്തമല്ല. വിശ്വാസ വഞ്ചനയാണ് ഗ്രീഷ്മ നടത്തിയതെന്നും കോടതി വിധിയിൽ പറയുന്നു.
അപൂർവങ്ങളിൽ അപൂർവമായ കേസായിരുന്നു ഇതെന്നും വധശിക്ഷ പ്രതീക്ഷിച്ചതാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ.ജെ ജോൺസൺ പറഞ്ഞു. അന്വേഷണ ടീമിന്റെ വിജയമാണ്. ഗ്രീഷ്മ ആദ്യഘട്ടത്തിലേ തെറ്റിധരിപ്പിക്കാൻ ശ്രമിച്ചു. ഗ്രീഷ്മയെ തള്ളിപ്പറയാൻ ആദ്യഘട്ടത്തിൽ ഷാരോണും ശ്രമിച്ചിട്ടില്ല. ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ് ഗ്രീഷ്മയെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കുക മാത്രമല്ല, കുറ്റകൃത്യത്തിലേക്ക് നയിക്കുന്ന കാര്യങ്ങൾ കണ്ടെത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞു. കേസിന്റെ അന്വേഷണത്തിനായി ആദ്യഘട്ടത്തിൽ ഒരു പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു. മറ്റു തെളിവുകൾ ഇല്ലാത്ത സാഹചര്യത്തിലാണ് കേസ് ഏറ്റെടുക്കുന്നത്. ഗ്രീഷ്മയുടെ ചാറ്റുകളും സംസാരവും വീഡിയോ കോളുകളും മറ്റു മൊഴികളും പരിശോധിച്ചു. തുടർന്നാണ് സംശയത്തിന്റെ നിഴലിലായിരുന്ന ഗ്രീഷ്മയെ പ്രതിയാക്കുന്നത്.
അന്വേഷണത്തിലാണ് മാരകമായ കീടനാശിനി കലർത്തി കഷായം നൽകിയതിനെ തുടർന്നാണ് ഷാരോൺ മരിക്കുന്നതെന്ന് കണ്ടെത്തിയത്. ആശുപത്രിയിലാവുന്നതിന് മുമ്പ് അവസാന ദിവസം ഷാരോൺ ഗ്രീഷ്മയുടെ വീട്ടിൽ പോയിരുന്നു. പിന്നീടാണ് ഛർദിച്ച് അവശനായത്. ഗ്രീഷ്മ ഉന്നയിച്ച വാദങ്ങളെല്ലാം തെറ്റാണെന്ന് തെളിഞ്ഞു. ഷാരോണിൻ്റെ ഭാഗത്തുനിന്നും യാതൊരു തരത്തിലുമുള്ള പീഡനവും ഉണ്ടായിട്ടില്ലെന്നും തെളിഞ്ഞുവെന്നും കെജെ ജോൺസൺ പറഞ്ഞു.