തൃശൂര്‍: സമീപ കാലത്ത് സൈബര്‍ തട്ടിപ്പിന് ഇരയാകുന്നതില്‍ വിദ്യാസമ്പന്നരായ പ്രഫഷണലുകളും ഉള്‍പ്പെടുന്നുണ്ടെന്ന് തൃശൂര്‍ സിറ്റി പൊലീസ്. ഔദ്യോഗിക പേജിലൂടെയാണ് തൃശൂര്‍ സിറ്റി പൊലീസിന്റെ പ്രതികരണം. പത്രമാധ്യമങ്ങളിലും ചാനലുകളിലും പൊലീസ് ഔദ്യോഗിക പേജുകളിലും മറ്റു സാമൂഹ്യമാധ്യമങ്ങളിലും സൈബര്‍ തട്ടിപ്പിനെ കുറിച്ചും അവയെ പ്രതിരോധിക്കാനുള്ള മാര്‍ഗത്തെ കുറിച്ചുമുള്ള തുടരെയുള്ള ബോധവത്കരണങ്ങളെ വേണ്ട വിധത്തില്‍ പരിഗണിക്കാത്തതാണ് സൈബര്‍ തട്ടിപ്പുകളില്‍ അകപ്പെടുന്നതിന് കാരണമെന്നും ചൂണ്ടിക്കാണിക്കുന്നു.
ഷെയര്‍ ട്രേഡിങ്ങ്, വെര്‍ച്വല്‍ അറസ്റ്റ്, ജോബ് സ്‌കാം, ഹണിട്രാപ്പ്, ലോണ്‍ ആപ്പ്, ഓണ്‍ലൈന്‍ ട്രേഡിങ്ങ്, ഒ.എല്‍.എക്‌സ്. ഫ്രോഡ് എന്നിങ്ങനെ പല കെണികളെ കുറിച്ചും ഇവര്‍ക്ക് വ്യക്തമായ അറിവില്ല. അജ്ഞാത ലിങ്കില്‍ ക്ലിക്ക് ചെയ്യുക, ഒ.ടി.പി. സ്വകാര്യ സാമ്പത്തിക വിവരങ്ങള്‍ ഷെയര്‍ ചെയ്യുക എന്നീ സൈബര്‍ തട്ടിപ്പുകാരുടെ കുതന്ത്രങ്ങളെ കുറിച്ച് അറിയാന്‍ ശ്രമിക്കാത്തതും സൈബര്‍ തട്ടിപ്പുകാരുടെ കെണിയിലകപ്പെടാന്‍ കാരണമാകുന്നു.
ഇത്തരം സൈബര്‍ തട്ടിപ്പിലൂടെ സാമ്പത്തിക നഷ്ടം സംഭവിച്ചാല്‍ ഉടന്‍തന്നെ 1930 സൈബര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിക്കുക. പണം നഷ്ടപ്പെട്ട് 1930 വിളിച്ച പലര്‍ക്കും അന്വേഷണത്തിലൂടെ തുക ഫ്രീസ് ചെയ്ത് തിരിച്ചെടുത്ത് തിരികെ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും തൃശുര്‍ സിറ്റി പോലീസ് അറിയിച്ചു.