തിരുവനന്തപുരം. സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു. നേതൃമാറ്റത്തിലും പുനഃസംഘടനയിലും നേതാക്കളെ പ്രത്യേകം കണ്ട് എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി അഭിപ്രായം തേടി. പ്രതിപക്ഷ നേതാവിനെ കണ്ടും അഭിപ്രായം ചോദിക്കും. അതേസമയം കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷമുള്ള വാർത്ത സമ്മേളനം മാറ്റിയത് നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നതയെ തുടർന്നെന്ന് സൂചന.
നേരത്തെ കേരളത്തിൽ മാത്രം ഒതുങ്ങിയിരുന്ന പുനസംഘടന ചർച്ചകളിലാണ് ഹൈക്കമാൻഡ് കൂടി ഇടപെടുന്നത്.
സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റം ആവശ്യമാണോയെന്നും, നിലവിലെ നേതൃത്വമായി മുന്നോട്ടുപോയാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ ശക്തമായ പ്രകടനം നടത്താൻ കഴിയുമോ എന്നുമാണ് എഐസിസി അന്വേഷിക്കുന്നത്. രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, ബെന്നി ബെഹന്നാൻ എന്നിവരുമായി ദീപാദാസ് മുൻഷി കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ നേതാവിനെയും ഉടൻ കാണും. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷമാണ് പുനസംഘടന ആലോചന ഹൈക്കമാൻഡ് ഗൗരവമായി എടുത്തത്. ഇന്നലെ ചേർന്ന രാഷ്ട്രീയ കാര്യ സമിതിയിൽ പൂർണമായ ഐക്യത്തോടെ പെരുമാറണമെന്ന് സന്ദേശം ഉയർന്നിരുന്നു. ഇത് പ്രകടമാക്കാൻ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡൻറും സംയുക്തമായി നടത്താൻ നിശ്ചയിച്ചിരുന്ന വാർത്താ സമ്മേളനം നടന്നില്ല. ഇത് പാർട്ടിക്കുള്ളിലെ അനൈക്യം കാരണമെന്നാണ് സൂചന. ഐക്യം ഊട്ടിയുറപ്പിക്കാൻ ചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം പാർട്ടിയിലെ അനൈക്യം കൂടുതൽ മറനീക്കി പുറത്തുവരുന്ന കാഴ്ചയാണ് കണ്ടത്.