‘വഴിപാട് പോലെ കൈക്കൂലി’, ചെക്ക്പോസ്റ്റുകൾ നാണക്കേടെന്ന് ​ഗതാ​ഗത കമ്മീഷണർ, വെർച്വൽ ചെക്ക്പോസ്റ്റുകൾ പരിഗണനയിൽ

Advertisement

പാലക്കാട്: കൈക്കൂലിയും അഴിമതിയും മൂലം വാളയാർ ഉൾപ്പെടെയുള്ള അതിർത്തി ചെക്ക്പോസ്റ്റുകൾ ഗതാഗത വകുപ്പിന് നാണക്കേടെന്ന് ഗതാഗത കമ്മീഷണർ സി.എച്ച്.നാഗരാജു. ചെക്ക്പോസ്റ്റുകളിൽ ഉദ്യോഗസ്ഥർ ചോദിക്കാതെ തന്നെ പണം നൽകുന്ന രീതിയുണ്ട്. വെർച്ച്വൽ ചെക്പോസ്റ്റുകൾ സ്ഥാപിക്കുന്നത് പരിഗണനയിലാണെന്നും ഗതാഗത കമ്മീഷണർ പാലക്കാട് പറഞ്ഞു.

ചെക്ക്പോസ്റ്റ് എന്ന് പറയുമ്പോള്‍ എല്ലാവര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഉദ്യോഗസ്ഥര്‍ തന്നെ ഇക്കാര്യം പറയുന്നതാണ്. ഇടയ്ക്കിടെ റെയ്ഡ് നടക്കുമ്പോഴും കൈക്കൂലി വാങ്ങുന്നത് തുടരുകയാണ്. അതിനാൽ തന്നെ ഗതാഗത വകുപ്പിന് ഇതൊരു നാണക്കേടാണെന്ന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നുണ്ട്. ഇങ്ങനെയൊരു നാണക്കേട് ഒഴിവാക്കണമെന്ന ആവശ്യം ഉദ്യോഗസ്ഥരിൽ നിന്ന് ഉയര്‍ന്നിട്ടുണ്ട്.

അമ്പലത്തിൽ നൽകുന്നതുപോലെ ഒരു വഴിപാടുപോലെ ചോദിക്കാതെ തന്നെ ആളുകള്‍ ചെക്ക്പോസ്റ്റുകളിൽ കൈക്കൂലി നൽകുകയാണ്. ഇത് എങ്ങനെ ഒഴിവാക്കാമെന്ന ആലോചനയിലാണ് ഗതാഗത വകുപ്പ്. ജനങ്ങള്‍ അങ്ങനെ പണം വെച്ചിട്ട് പോയാലും അതും കൈക്കൂലി തന്നെയാണ്. ഓണ്‍ലൈനിൽ നികുതി അടയ്ക്കാതെ വരുന്ന വാഹനങ്ങളെയാണ് ചെക്ക്പോസ്റ്റിൽ പിടികൂടുന്നത്.

വെട്ടിപ്പ് നടത്തുന്ന വാഹനങ്ങളിൽ നിന്നാണ് പിഴ ഈടാക്കാൻ നോക്കുന്നത്. തെലങ്കാന പരിവാഹനിൽ ഇല്ല. അതിനാൽ അവിടത്തെ വാഹനങ്ങള്‍ ഇവിടെ വരുമ്പോള്‍ തുക അടയ്ക്കേണ്ടതുണ്ട്. ഇവിടെ പിടിച്ചില്ലെങ്കിൽ അവര്‍ വെറെ എവിടെ അടയ്ക്കണമെന്നതിൽ വ്യക്തത വേണമെന്നും ഇക്കാര്യങ്ങളെല്ലാം പരിശോധിക്കേണ്ടതുണ്ടെന്നും ഗതാഗത കമ്മീഷണര്‍ പറഞ്ഞു.