നിറത്തിന്‍റെ പേരിൽ അവഹേളനം; നവവധുവിന്‍റെ ആത്മഹത്യയിൽ ഭര്‍ത്താവ് അറസ്റ്റിൽ, പിടികൂടിയത് വിമാനത്താവളത്തിൽ വെച്ച്

Advertisement

മലപ്പുറം: നിറത്തിന്‍റെ പേരിൽ അവഹേളനം നേരിട്ടതിനെ തുടര്‍ന്ന് മനംനൊന്ത് നവവധു ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ മലപ്പുറം മൊറയൂർ സ്വദേശി അബ്ദുൾ വാഹിദാണ് അറസ്റ്റിലായത്. വിദേശത്തു നിന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തിയപ്പോഴാണ് അബ്ദുള്‍ വാഹിദിനെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് മലപ്പുറം കൊണ്ടോട്ടിയിൽ ഷഹാന മുംതാസ് ആത്മഹത്യ ചെയ്തത്.പ്രതിയെ കൊണ്ടോട്ടി പൊലീസിന് കൈമാറി.

കഴിഞ്ഞ ദിവസമാണ് ഷഹാനയുടെ ആത്മഹത്യയിൽ ഭര്‍ത്താവ് അബ്ദുള്‍ വാഹിദിനെതിരെ പൊലീസ് കൂടുതൽ വകുപ്പുകള്‍ ചുമത്തിയത്. ആത്മഹത്യാ പ്രേരണ, ഭാര്യയെ മാനസികമായി പീഡിപ്പിക്കൽ എന്നീ വകുപ്പുകളാണ് ഭർത്താവ് അബ്ദുൾ വാഹിദിനെതിരെ ചുമത്തിയിരിക്കുന്നത്. ചൊവ്വാഴ്ച്ചയാണ് ഷഹാന മുംതാസ് എന്ന 19കാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭര്‍ത്താവിന്‍റേയും കുടുംബത്തിന്‍റെയും മാനസിക പീഡനമാണ് ഷഹാന മുംതാസിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു. നിറത്തെച്ചൊല്ലി ഷഹാനയെ ഭര്‍ത്താവ് എപ്പോഴും കളിയാക്കിയിരുന്നു. 20 ദിവസമല്ലേ കൂടെ താമസിച്ചുള്ളൂ, എന്തിനാണ് ഇതിൽ തന്നെ പിടിച്ചു തൂങ്ങുന്നതെന്നും വേറെ ഭർത്താവിനെ കിട്ടില്ലേയെന്നും പെൺകുട്ടിയുടെ മുന്നിൽ വെച്ച് ഭർതൃ മാതാവ് ചോദിച്ചു.

മകനെ തിരുത്തേണ്ട ഉമ്മയാണ് ഇത് ചോദിച്ചത്. കുറേ ദിവസം വിളിക്കാതിരിക്കുന്നത് പെൺകുട്ടിക്ക് മാനസിക സംഘർഷമുണ്ടാക്കി. ഒന്ന് തന്നെ വിളിക്കൂ എന്ന് ചോദിച്ച് ഒരു നൂറ്റമ്പത് തവണയെങ്കിലും മെസേജ് അയച്ചത് ഷഹാന കാണിച്ചു തന്നിരുന്നുവെന്നും ബന്ധു പറഞ്ഞു. വിവാഹ ബന്ധം വേര്‍പ്പെടുത്താൻ ഭര്‍ത്താവ് നിര്‍ബന്ധിച്ചതിലെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് വീട്ടുകാരും ആരോപിച്ചു.

2024 മെയ് 27ന് ആണ് ഷഹാന മുംതാസും-മൊറയൂർ സ്വദേശി അബ്ദുൽ വാഹിദും വിവാഹിതരായത്. 20 ദിവസത്തിന് ശേഷം വാഹിദ് വിദേശത്തേക്ക് പോയി. പിന്നീടാണ് പെൺകുട്ടിയെ മാനസിക സംഘർഷത്തിലാക്കുന്ന നിലപാട് അബ്ദുൽ വാഹിദിൽ നിന്നുണ്ടായത്. തുടർന്ന് പെൺകുട്ടി വീട്ടിലെത്തി ജീവനൊടുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here