ബെംഗളൂരു: മൈസൂരുവിന് സമീപം മുഖംമൂടി ധരിച്ചെത്തിയ ഏഴംഗ സംഘം കോഴിക്കോട് സ്വദേശികളായ വ്യവസായികളെ മർദിച്ച് 1.5 ലക്ഷം രൂപയും കാറുമായി കടന്നുകളഞ്ഞു. കൊടുവള്ളി സ്വദേശി മുഹമ്മദ് അഷ്റഫ് (45), സൂഫി എന്നിവരെയാണ് ആക്രമിച്ചത്. കാർ നാല് കിലോമീറ്റർ അകലെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
മൈസൂരു–മാനന്തവാടി റോഡിലെ ജയപുര ഹാരോഹള്ളിയിൽ തിങ്കളാഴ്ച രാവിലെ 9.15നാണ് സംഭവം. കോഴിക്കോട്ടുനിന്ന് എച്ച്ഡി കോട്ടയിലേക്ക് വരികയായിരുന്ന കാറിനെ മറ്റു 3 കാറുകളിലായി പിന്തുടർന്ന സംഘം വഴിയിൽ തടഞ്ഞു നിർത്തി. ഡോർ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും നിരസിച്ചതോടെ കാറിന്റെ ഗ്ലാസുകൾ തകർത്തു. തുടർന്ന് കാറിൽനിന്ന് രണ്ട് പേരെയും വലിച്ചിറക്കി മർദിക്കുകയായിരുന്നു.
എച്ച്ഡി കോട്ടയിൽ കമുകിൻ തോട്ടം വാങ്ങുന്നതിന് മുൻകൂറായി നൽകാനുള്ള പണമാണു കവർന്നതെന്ന് കേസ് അന്വേഷിക്കുന്ന ജയപുര പൊലീസിന് അഷ്റഫ് മൊഴി നൽകി. വസ്തു ബ്രോക്കറായ സൂഫിക്കും അഷ്റഫിനും ഹംപാപുര സർക്കാർ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി. മൈസൂരു റൂറൽ ഡിവൈഎസ്പി രഘുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചു. ബീദർ, ഉള്ളാൽ എന്നിവിടങ്ങളിലെ ബാങ്ക് കവർച്ചയ്ക്കു പിന്നാലെയാണു സമാന സംഭവം. ബീദറിൽ രണ്ട് സുരക്ഷ ജീവനക്കാരെ കൊലപ്പെടുത്തിയ ശേഷം എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന 93 ലക്ഷം രൂപയുമായി കടന്ന സംഘത്തെ ഇതുവരെ കണ്ടെത്താനായിട്ടില്ല.