വധശിക്ഷക്കെതിരെ ഗ്രീഷ്മയുടെ കുടുംബം ഹൈക്കോടതിയിലേക്ക്

Advertisement

തിരുവനന്തപുരം.ഷാരോൺ വധക്കേസിൽ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വിധിച്ച വധ ശിക്ഷക്കെതിരെ അപ്പീൽ നൽകുന്ന കാര്യത്തിൽ ഗ്രീഷ്മയുടെ കുടുംബം ഉടൻ തീരുമാനം എടുക്കും. വധശിക്ഷ ഹൈകോടതിയുടെ രണ്ട് അംഗ ബെഞ്ച് പരിഗണിക്കണമെന്നാണ് ആവശ്യപ്പെടുക.
സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ വധശിക്ഷ വിധിച്ചത് നിലനിൽക്കില്ല എന്ന നിലപാടിലാണ് ഗ്രീഷ്മയുടെ അഭിഭാഷകർ..

നേരിട്ടുള്ള തെളിവുകൾ ഇല്ലാത്തതിനാൽ പരമാവധി ജീവപര്യന്തം വരെ പ്രതീക്ഷിച്ചിടത്താണ് പ്രതിഭാഗത്തെ ഞെട്ടിച്ചുകൊണ്ട് കോടതി വധശിക്ഷ വിധിച്ചത്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ വധശിക്ഷ വിധിക്കരുത് എന്ന് മേൽക്കോടതികൾ പലപ്പോഴും നിർദ്ദേശിച്ചിരുന്നു. ക്രിമിനൽ പശ്ചാത്തലം ഇല്ലാത്ത 24 വയസ്സുള്ള ഒരു പെൺകുട്ടിയാണെന്നതും പ്രതിക്ക് അനുകൂല ഘടകം ആയിരുന്നു. പക്ഷേ ഇതൊന്നും പരിഗണിക്കാതെയാണ് കോടതി പരമാവധി ശിക്ഷ വിധിച്ചത് എന്നാണ് പ്രതിഭാഗത്തിന്റെ പരാതി.
അഭിഭാഷകരമായി ഗ്രീഷ്മയുടെ മാതാപിതാക്കൾ കൂടിക്കാഴ്ച നടത്തും. ഇതിനുശേഷമായിരിക്കും അപ്പീൽ നൽകുക. ശിക്ഷ വിധിച്ച 30 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാനുള്ള സാവകാശം പ്രതിഭാഗത്തിനുണ്ട്. നിലവിൽ അട്ടക്കുളങ്ങര വനിതാ ജയിലിലാണ് ഗ്രീഷ്മയെ പാർപ്പിച്ചിരിക്കുന്നത്. സെൻട്രൽ ജയിലിലെ വനിതാ സെല്ലിൽ കൂടുതൽ തടവുകാരെ ഉൾക്കൊള്ളാൻ സൗകര്യം ഇല്ലാത്തതിനാലാണ് അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റിയത്. ജയിലിലെ മറ്റു സ്ഥിരം തടവുകാരെ പോലെയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെയും പരിഗണിക്കുക.. അപ്പീലുകളെല്ലാം തള്ളി വധശിക്ഷ ഉറപ്പായാൽ മാത്രമേ പ്രത്യേക സെല്ലിലേക്ക് മാറ്റാറുള്ളൂ. ഇങ്ങനെ മാറ്റിയിട്ടുള്ള വനിത തടവുകാരാരും സംസ്ഥാനത്തെ ജയിലുകളിൽ ഇല്ല.

Advertisement